സുരക്ഷ ഉറപ്പാക്കി മോക്ഡ്രിൽ നടത്തി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുഗതാഗത സുരക്ഷാ വിഭാഗം
ദോഹ മെട്രോയും ട്രാമുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാനടപടികളുടെ ഭാഗമായി മോക് ഡ്രില്ലുകൾ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പൊതുഗതാഗത സുരക്ഷാ വിഭാഗം. വെള്ളിയാഴ്ചയായിരുന്നു വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് എമർജൻസി രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ദോഹ മെട്രോ ട്രെയിൻ പാളം തെറ്റിയാൽ എങ്ങനെ നേരിടണം, ട്രാമിൽ വാഹനമിടിച്ച് അപകടമുണ്ടായാൽ എങ്ങനെ പ്രതികരിക്കണം എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു പരിശീലന പരിപാടികൾ.
അൽ റിഫയിലെ വെസ്റ്റ് ദോഹ ഡിപ്പോയിലായിരുന്നു മെട്രോ ക്യാബിൻ പാളം തെറ്റിയാൽ എങ്ങനെ പ്രവർത്തിക്കണം എന്ന് അടിസ്ഥാനമാക്കി പരിശീലനം നടന്നത്. മുശൈരിബിലെ ട്രാം ട്രാക്കിലേക്ക് പ്രവേശിക്കുന്ന കാർ ട്രാമിൽ ഇടിക്കുന്ന സാഹചര്യത്തിലുള്ള രക്ഷാ പ്രവർത്തനമായിരുന്നു മറ്റൊരു പരിശീലനം. വിവിധ സുരക്ഷാ, ആരോഗ്യ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു.