ഗാസ വിഷയം; യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്തി ഖത്തർ അമീർ
ഗാസയിലേക്ക് സമുദ്ര ഇടനാഴി സഹായമെത്തിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിരിക്കെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി യൂറോപ്യൻ കൗൺസിൽ മേധാവികളുമായി ചർച്ച നടത്തി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈകൽ, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻഡെറ ലിയൻ എന്നിവരുമായി ഫോണിൽ സംഭാഷണം നടത്തിയ അമീർ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.
സമുദ്രനീക്കത്തിലൂടെ ഗാസയിലേക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്ന് സംബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൽ ഖത്തറും പങ്കുചേർന്നതിന് പിന്നാലെയായിരുന്നു അമീറുമായി സംഭാഷണം നടത്തിയത്. ഓൺലൈൻ യോഗത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സലാഹ് അല്‍ ഖുലൈഫി പങ്കെടുത്തു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍, യു.എ.ഇ, സൈപ്രസ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ചൊവ്വാഴ്ച സൈപ്രസില്‍നിന്നും ഗാസയിലേക്ക് സഹായവുമായി ആദ്യ കപ്പല്‍ പുറപ്പെട്ടിരുന്നു . അടുത്ത കപ്പല്‍ ഉടന്‍ പുറപ്പെടുമെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രി അറിയിച്ചു. പദ്ധതിക്കുള്ള സാമ്പത്തിക പിന്തുണ നേരത്തെ തന്നെ ഖത്തർ പ്രഖ്യാപിച്ചിരുന്നു.