ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറിയൻ ഉന്നത സംഘം
ബശ്ശാറുൽ അസദ് പുറത്തായതിനു പിന്നാലെ സിറിയയിൽ അധികാരമേറ്റ പുതിയ ഭരണകൂടത്തിലെ ഉന്നതതല പ്രതിനിധി സംഘം ദോഹയിലെത്തി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനിയുമായി കൂടിക്കാഴ്ച നടത്തി.
സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ശൈബാനി, പ്രതിരോധ മന്ത്രി മുർഹാഫ് അബൂ ഖസ്റ, ഇന്റലിജൻസ് വിഭാഗം മേധാവി അനസ് ഖത്താബ് എന്നിവരുൾപ്പെട്ട ഉന്നതതല പ്രതിനിധിസംഘമാണ് ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഖത്തറും സിറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്.
കഴിഞ്ഞ മാസം ആദ്യത്തിൽ സിറിയയിൽ ഭരണമാറ്റമുണ്ടായതോടെ ഖത്തർ പുതിയ ഭരണ സമിതിയുമായി നയതന്ത്ര ബന്ധം ശക്തമാക്കിയിരുന്നു. എംബസി തുറക്കുകയും വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത സംഘം സിറിയ സന്ദർശിക്കുകയും ഖത്തർ എയർവേസ് വിമാന സർവിസ് പ്രഖ്യാപിക്കുകയും ചെയ്തു.