സുഹൈൽ ഫാൽക്കൺ മേള സെപ്റ്റംബറിൽ
ഖത്തറിലെയും മേഖലയിലെയും ഫാൽക്കൺ പ്രേമികളുടെ ഉത്സവകാലമായ ‘സുഹൈൽ’ ഫാൽക്കൺ മേളക്ക് സെപ്റ്റംബർ 10 മുതൽ 14 വരെ കതാറ കൾചറൽ വില്ലേജ് വേദിയാകും. അരങ്ങേറ്റക്കാരായ പോളണ്ട്, ഓസ്ട്രിയ, പോർചുഗൽ, റഷ്യ ഉൾപ്പെടെ 21 രാജ്യങ്ങളാണ് എട്ടാമത് അന്താരാഷ്ട്ര ഫാൽക്കൺ മേളയിൽ പങ്കെടുക്കുന്നത്. വേട്ടക്കുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ, ക്യാമ്പിങ് ഉപകരണങ്ങൾ, കാർ, മരുഭൂമിയിൽ ഉപയോഗിക്കാവുന്ന പ്രത്യേക വാഹനങ്ങൾ എന്നിവയുമായി 300ലേറെ കമ്പനികൾ ഇത്തവണ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ജി.സി.സിയിലെയും മേഖലയിലെയും തന്നെ ഏറ്റവും വലിയ ഫാൽക്കൺ മേളകളിലൊന്നായ സുഹൈൽ അരങ്ങേറുന്നത്. മേളയുടെ ഭാഗമായ വേട്ട ആയുധങ്ങളുടെ ലൈസൻസിനായി ആഗസ്റ്റ് 10 മുതൽ 19 വരെ മെട്രാഷ് രണ്ട് വഴി അപേക്ഷിക്കാവുന്നതാണ്. ഇതാദ്യമായി വിവിധ ബ്രാൻഡുകൾക്ക് തങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനും ഇത്തവണ അവസരമൊരുക്കുന്നുണ്ട്. മുന്തിയ ഇനം ഫാൽക്കൺ പക്ഷികളുടെ വിൽപനയും പ്രദർശനവുമാണ് മേളയുടെ പ്രധാന ആകർഷണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫാൽക്കൺ പക്ഷി വളർത്തുകാരും പ്രേമികളുമെല്ലാം മേളയുടെ ഭാഗമായെത്തും. 2017 മുതലാണ് കതാറ കൾചറൽ വില്ലേജ് നേതൃത്വത്തിൽ എല്ലാ വർഷങ്ങളിലുമായി സുഹൈൽ ഫാൽക്കൺ മേള സംഘടിപ്പിക്കുന്നത്. ഓരോ വർഷവും ദശലക്ഷം റിയാലിന്റെ ലേലവും, പതിനായിരത്തോളം സന്ദർശകരും എത്തുന്നു.