ഗാർഹിക തൊഴിലാളികൾ ഖത്തർ വിടുന്നതിന് നിയന്ത്രണം ; നിർദേശങ്ങളുമായി ശൂറാ കൗൺസിൽ
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യം വിടുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ശൂറ കൗൺസിൽ സര്‍ക്കാറിന് നിർദേശം സമര്‍പ്പിച്ചു. രാജ്യം വിടുന്നതിന് അഞ്ചു ദിവസം മുമ്പ് മെട്രാഷ് വഴി അപേക്ഷ നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാനാകില്ല, ഏതെങ്കിലും സാഹചര്യത്തില്‍ അനുമതി നിഷേധിക്കപ്പെട്ടാല്‍ തൊഴിലാളിക്ക് ബന്ധപ്പെട്ട അതോറിറ്റികളെ സമീപിക്കാം.
ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണ് ശൂറ കൗണ്‍സില്‍ സര്‍ക്കാറിന് മുന്നില്‍ നിർദേശം സമർപ്പിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ഇന്റേണല്‍ ആൻഡ് എക്സ്റ്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍.
കരാര്‍ കാലാവധി കഴിയുന്നതിന് മുമ്പ് തൊഴിലാളികള്‍ ഓടിപ്പോകുന്നത് തടയാനും നിര്‍ദേശമുണ്ട്. ഇതിനായി തൊഴില്‍ കരാറില്‍ മാറ്റങ്ങള്‍ വരുത്തണം. ഇങ്ങനെ തൊഴിലാളി ഓടിപ്പോയതായി റിപ്പോര്‍ട്ട് ചെയ്താല്‍ അത് കരാര്‍ ലംഘനമായി പരിഗണിക്കും. യാത്രാ ചെലവുകളും നാടുകടത്തൽ ചെലവുകളും തൊഴിലാളി തന്നെ വഹിക്കണം. വിവിധ കാരണങ്ങളാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ സറണ്ടര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. ഇങ്ങനെ വിസ കാലാവധി കഴിയും മുമ്പ് സ്പോണ്‍സറുടെ അനുമതിയില്ലാതെ ജോലി ഉപേക്ഷിക്കുന്ന തൊഴിലാളിക്ക് മറ്റൊരു സ്പോര്‍സര്‍ഷിപ്പിന് കീഴിലേക്ക് മാറാനും കഴിയില്ല.
ഇങ്ങനെയുള്ളവര്‍ക്ക് ജോലി നല്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള പിഴ ഉയര്‍ത്തണമെന്നും ശൂറ കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു. സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം നടത്തുന്നത് സംബന്ധിച്ച സാമ്പത്തിക കാര്യ സമിതിയുടെ കരട് നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി.