റമദാൻ ; ഖത്തറിലെ സർക്കാർ ഓഫീസുകളുടേയും മന്ത്രാലയങ്ങളുടേയും, പൊതുസ്ഥാപനങ്ങളുടേയും പ്രവൃത്തിസമയം പ്രഖ്യാപിച്ചു
റമദാൻ മാസത്തിൽ സർക്കാർ ഓഫിസുകളുടെയും, മന്ത്രാലയങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും പ്രവൃത്തിസമയം പ്രഖ്യാപിച്ചു. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയായിരിക്കും പ്രവൃത്തിസമയമെന്ന് കാബിനറ്റ്, നീതിന്യായ മന്ത്രി ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി അറിയിച്ചു.
ദിവസവം അഞ്ചു മണിക്കൂറായിരിക്കും എല്ലാ സർക്കാർ ഓഫിസുകളുടെയും പ്രവൃത്തിസമയം. വൈകിയെത്തുന്നവർക്ക് 10 മണിവരെ സമയം അനുവദിക്കും. എന്നാൽ, അഞ്ചു മണിക്കൂർ തൊഴിൽ സമയം പൂർത്തിയാക്കണം.
ഇതോടൊപ്പം, ഒരു സ്ഥാപനത്തിലെ 30 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന വർക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സ്വദേശി അമ്മമാർ, ശാരീരിക വൈകല്യമുള്ളവർ എന്നിവർക്കായിരിക്കും മുൻഗണന.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ജോലിയുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ പ്രഖ്യാപിക്കും.