ഖത്തർ ലോകകപ്പ് ആരാധകർക്കായി 2.6 ലക്ഷം ഹയ്യാകാർഡുകൾ അനുവദിച്ചു
ഖത്തർ ലോകകപ്പ് ആരാധകർക്കായി ഇതുവരെ 2.6 ലക്ഷം ഹയ്യാകാർഡുകൾ അനുവദിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി.ലോകകപ്പ് വേദികളിലേക്ക് പ്രവേശിക്കാനും ലോകകപ്പ് സമയത്ത് ഖത്തറിലെത്താനും ഹയ്യാ കാർഡ് നിർബന്ധമാണ്.
ഖത്തർ ലോകകപ്പിന്റെ ഫാൻ ഐഡിയാണ് ഹയ്യാകാർഡ്. ടിക്കറ്റ് സ്വന്തമാക്കിയവർക്ക് ഇതിനോടകം ഫാൻ ഐഡി അനുവദിച്ചതായി സുപ്രീം കമ്മിറ്റിയുടെ ഹയ്യ പ്ലാറ്റ്‌ഫോം എക്‌സിക്യുട്ടീവ് ഡയറക്ടർ വ്യക്തമാക്കി. ടിക്കറ്റിനൊപ്പം ഹയാ കാർഡ് കൂടി ഉള്ളവരെ മാത്രമാകും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. ഇവർക്ക് പൊതുഗതാഗത സംവിധാനങ്ങൾ സൗജന്യമായി ഉപയോഗിക്കാം.
ലോകകപ്പ് സമയത്ത് വിദേശത്ത് നിന്നുള്ള ആരാധകർക്ക് ഖത്തറിലെത്താനുള്ള ഏക മാർഗം കൂടിയാണിത്.ലോകകപ്പിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഹയ്യാ കാർഡ്. ഹയ്യാ കാർഡിനായി ഖത്തറിൽ നിന്നും അപേക്ഷിച്ചാൽ മൂന്ന് ദിവസത്തിനകം അപ്രൂവൽ ലഭിക്കും, ഖത്തറിന് പുറത്താണെങ്കിൽ ഇത് 5 ദിവസം വരെയെടുക്കും, ഈ പ്രവർത്തനങ്ങൾക്കായി 80 പേരുടെ സംഘം പ്രവർത്തിക്കുന്നതായും ഡയറക്ടർ പറഞ്ഞു. നവംബർ ഒന്ന് മുതലാണ് ഹയ്യാകാർഡ് ഉപയോഗിച്ച് ഖത്തറിലേക്ക് വരാൻ കഴിയുക. ലോകകപ്പിനായി 12 ലക്ഷത്തോളം വിദേശികൾ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.