ടൂറിസം വിശേഷങ്ങളുമായി ഖത്തർ ടി.വി വരുന്നു
ഖത്തറിന്റെ വിനോദസഞ്ചാര ലോകത്ത് പുത്തൻ ഊർജമായി പ്രത്യേക ചാനലുമായി വിസിറ്റ് ഖത്തർ. ദേശീയ ഉപഗ്രഹ കമ്പനിയായ സുഹൈൽ സാറ്റുമായി ചേർന്നാണ് ടൂറിസം പ്രമോഷനുവേണ്ടി മാത്രമായി ‘വിസിറ്റ് ഖത്തർ ടി.വി’ ആരംഭിക്കുന്നത്.
ഇതുസംബന്ധിച്ച് വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജി. അബ്ദുൽ അസീസ് അലി അൽ മവ്ലവിയും സുഹൈൽ സാറ്റ് സി.ഇ.ഒ അലി ബിൻ അഹ്മദ് അൽ കുവാരിയും കരാറിൽ ഒപ്പുവെച്ചു. സുഹൈൽ രണ്ട് ഉപഗ്രഹം വഴിയാണ് സംപ്രേഷണം. മധ്യ പൂർവേഷ്യയും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന ‘മെന’ മേഖലയിൽ ലഭ്യമാകുന്ന ചാനൽ വഴി ഖത്തറിന്റെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളായിരിക്കും ഉള്ളടക്കം.
ലോകത്തെത്തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഖത്തറിന്റെ ടൂറിസം മേഖലയിലെ വൈവിധ്യങ്ങൾ ലോകമെങ്ങുമുള്ള സഞ്ചാരികളിലേക്ക് എത്തിക്കാൻ കഴിയുന്നതാണ് പുതിയ നീക്കമെന്ന് വിസിറ്റ് ഖത്തർ സി.ഇ.ഒ അബ്ദുൽ അസീസ് അലി അൽ മവ്ലവി പറഞ്ഞു. ‘ഓരോ വർഷവും ദശലക്ഷം സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഖത്തർ.
ടൂറിസം ടി.വി ചാനൽ രാജ്യത്തിന്റെ വൈവിധ്യമാർന്ന വിനോദപദ്ധതികൾ കാഴ്ചക്കാരിലെത്തിക്കാനുള്ള അവസരമായി മാറും’’ -അദ്ദേഹം പറഞ്ഞു. പുതിയ സംരംഭത്തിലൂടെ വിസിറ്റ് ഖത്തറിന്റെ വിനോദസഞ്ചാര വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തിൽ സുഹൈൽ സാറ്റും പങ്കുചേരുന്നത് അഭിമാനകരമാണെന്ന് സി.ഇ.ഒ അലി ബിൻ അഹ്മദ് അൽ കുവാരി പറഞ്ഞു.