ഖത്തർ ടോയ് ഫെസ്റ്റിവൽ ആരംഭിച്ചു
വിസിറ്റ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവൽ ആരംഭിച്ചു. ആഗസ്റ്റ് 14 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന കളിപ്പാട്ട മഹോത്സവം രാജ്യത്ത് നടക്കുന്ന മികച്ച പരിപാടികളിലൊന്നാണ്. കളിപ്പാട്ടങ്ങളുടെ പ്രദർശനം, കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ മാതൃക, കലാപ്രകടനങ്ങൾ, കളിസ്ഥലങ്ങൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ മേളയുടെ ആകർഷണമാണ്. ഞായർ മുതൽ ബുധൻ വരെ ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്തുവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി 11 വരെയുമാണ് പ്രവേശനം.
വിർജിൻ മെഗാ സ്റ്റോർ, ക്യൂ ടിക്കറ്റ്സ് എന്നിവ വഴി ടിക്കറ്റ് സ്വന്തമാക്കാം. 50 റിയാലിന്റെ എൻട്രി ടിക്കറ്റ്, 300 റിയാലിന്റെ ഫാസ്റ്റ് ട്രാക്ക് ടിക്കറ്റ്, 200 റിയാലിന്റെ കുടുംബ ടിക്കറ്റ് എന്നിങ്ങനെയാണ് നിരക്ക്. ആദ്യ ദിവസം സ്റ്റാളുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു.17000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ 10 സോണുകളിലായാണ് ഫെസ്റ്റിവൽ നടക്കുക. പ്രീ സ്കൂൾ, പെൺകുട്ടികൾ, ആൺകുട്ടികൾ, അനിമേഷൻ, ഫാമിലി, മൂവി ലാൻഡ്, സ്റ്റേജ്, എഫ് ആൻഡ് ബി, തീമിങ് ഏരിയ, റീട്ടെയിൽ എന്നിവയാണ് ഫെസ്റ്റിവലിലെ സോണുകൾ.
സംഗീതക്കച്ചേരികൾ, ശാസ്ത്ര പ്രദർശനങ്ങൾ, നൃത്ത പരിപാടികൾ, മത്സരങ്ങൾ, ഇൻഫ്ലൂവൻസർമാരുടെ പ്രകടനങ്ങൾ, റാഷാ റിസ്ഗ്, അദ്നാൻ കുടുംബം, തൽഫാൻ കുടുംബം, ഫൗസി മൂസി, ബ്ലിപ്പി, മസാക്ക കിഡ്സ് തുടങ്ങിയവ ഉൾപ്പെടുന്ന പരേഡുകളും 19 സ്റ്റേജ് ഷോകളും ഈ വർഷത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മേള വൻ വിജയമായിരുന്നു.
മൂന്ന് സോണുകൾ അധികമായി ഉൾപ്പെടുത്തിയും കൂടുതൽ ബ്രാൻഡുകളെ പങ്കെടുപ്പിച്ചും ഇത്തവണ കൂടുതൽ മികവോടെ അവതരിപ്പിക്കാനാണ് ശ്രമം. ബാർബി, മാർവൽ, ആംഗ്രി ബേഡ്സ്, നരുട്ടോ, ലോൽ തുടങ്ങിയ 50ലധികം ബ്രാൻഡുകളാണ് ഇത്തവണയെത്തുന്നത്.