ജോർദാൻ വഴി ഗാസയിലേക്ക് സഹായം എത്തിച്ച് ഖത്തർ
ജോർഡൻ വഴി ഗാസയിലേക്ക് കൂടുതൽ സഹായ വസ്തുക്കൾ എത്തിച്ച് ഖത്തർ ചാരിറ്റി. ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങൾകൊണ്ട് ജീവിതം ദുസ്സഹമായ ഗാസയിലേക്ക് ആശ്വാസമെത്തിക്കുന്ന ഏക വഴിയായ റഫയും യുദ്ധഭൂമിയായതോടെയാണ് ബദൽ വഴിയിലൂടെ ഖത്തർ സഹായം പുനഃസ്ഥാപിച്ചത്. മേയ് ആറിന് ഇസ്രായേൽ അധിനിവേശ സേന റഫയിൽ ആക്രമണം ആരംഭിച്ചതിനുശേഷം ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായത്തിന്റെ ഒഴുക്ക് മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ഇതോടെയാണ് ഖത്തറിന്റെ നേതൃത്വത്തിൽ ബദൽ വഴി തേടിയത്. നാലു ദിവസങ്ങളിലായി നടന്ന ദൗത്യത്തിലൂടെ 10,000 ഭക്ഷ്യപ്പൊതികളും 15 ടൺ മെഡിക്കൽ എയ്ഡും ഗാസയിലെത്തി. കുടുംബത്തിന് ഒരു മാസത്തോളം കഴിയാനുള്ള ശേഷിയിലാണ് ഓരോ ഭക്ഷ്യപ്പൊതിയും തയാറാക്കിയത്.
സർക്കാറിനു കീഴിലുള്ള ജോർഡൻ ഹഷിമിതെ ചാരിറ്റി ഓർഗനൈസേഷന്റെ സഹകരണത്തോടെയായിരുന്നു ദുരിതാശ്വാസ വസ്തുക്കളെത്തിച്ചു നൽകിയത്. ജോർഡനിലെ ഖത്തർ അംബാസഡർ ശൈഖ് സൗദ് ബിൻ നാസർ ബിൻ ജാസിം ആൽഥാനി, ജോർഡനിലെ ഖത്തർ ചാരിറ്റി ഓഫീസ് ജനറൽ സൂപ്പർവൈസർ സാലിഹ് അൽ മർറി എന്നിവർ എയ്ഡ് ട്രക്ക് വ്യൂഹത്തെ യാത്രയാക്കാനെത്തിയിരുന്നു.
ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ ഖത്തർ ഗാസ്സയിലേക്ക് മരുന്നും താമസ സൗകര്യങ്ങളും ഭക്ഷ്യ വസ്തുക്കളും എത്തിക്കുന്നുണ്ട്. ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം വഴി 95 വിമാനങ്ങളിലായി ആയിരത്തിലേറെ ടൺ വസ്തുക്കളെത്തിച്ചു. അതേസമയം, റഫയും ആക്രമണ ലക്ഷ്യമായി മാറിയതോടെ 20 ദിവസത്തിനിടെ ഒരു തവണ മാത്രമാണ് അതിർത്തി തുറന്നു നൽകിയത്. 24 മണിക്കൂറിൽ കുറഞ്ഞ സമയത്തിൽ 200 വാഹനങ്ങൾ മാത്രമാണ് ഗാസ്സയിലേക്ക് കടത്തിയത്.