മാലിന്യ നിർമാർജനം എളുപ്പമാക്കാൻ ഡിജിറ്റൽ പെർമിറ്റ് സംവിധാനവുമായി ഖത്തർ നഗരസഭാ മന്ത്രാലയം
മാലിന്യ നിർമാർജനം ലളിതമാക്കാൻ ഡിജിറ്റൽ പെർമിറ്റ് സർവിസുമായി ഖത്തർ നഗരസഭാ മന്ത്രാലയം. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല കമ്പനികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുടെ മാലിന്യനിർമാർജന പ്രക്രിയ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് നൂതന സംവിധാനമൊരുക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രവേശിച്ച് ലളിതമായ അടിസ്ഥാന വിവരങ്ങൾ നൽകികൊണ്ട് മാലിന്യങ്ങൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.
ഖര മാലിന്യങ്ങൾ, ഹരിത മാലിന്യങ്ങൾ, പുനുരപയോഗിക്കാവുന്നവ ഉൾപ്പെടെ മന്ത്രാലയത്തിനു കീഴിലെ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ ഇതുവഴി നിക്ഷേപിക്കാവുന്നത്. വിവിധ തരം മാലിന്യങ്ങൾ പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായി നിക്ഷേപിക്കാൻ ഗുണഭോക്താക്കളെ പ്രാപ്തരാക്കുകയാണ് മന്ത്രാലയത്തിന്റെ ഡിജിറ്റൽ പെർമിറ്റ് പ്ലാറ്റ്ഫോം വഴി ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര സീറോ വേസ്റ്റ് ഡേയുടെ ഭാഗമായാണ് മന്ത്രാലയം പുതിയ സേവനത്തിന്റെ പ്രഖ്യാപനം നടത്തിയത്.
നാഷനൽ ഓതന്റിക്കേഷൻ സിസ്റ്റം വഴിയാണ് ഡിജിറ്റൽ പെർമിറ്റിനായി രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷകന്റെ പേജ്, ഗുണഭോക്താവിന്റെ പേജ്, ട്രാൻസാക്ഷൻ ലോഗ് പേജ് (എൻട്രികൾ, എക്സിറ്റ്, കുറിപ്പുകൾ, ലംഘനങ്ങൾ എന്നിവ പ്രദർശിപ്പിക്കും), പെർമിറ്റ് മാനേജ്മെന്റ് പേജ് (പുതിയ പെർമിറ്റ് ഉണ്ടാക്കൽ, വാഹനം കൂട്ടിച്ചേർക്കൽ, മാലിന്യത്തിന്റെ തരം, പെർമിറ്റ് നൽകൽ) എന്നീ നടപടികളിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. വാഹന പെർമിറ്റുകൾ ട്രാഫിക് വകുപ്പുമായി സംയോജിപ്പിക്കുകയും രജിസ്ട്രേഷനും ട്രാക്കിങ്ങും ഉൾപ്പെടുത്തുകയും ചെയ്യും.