ഇ-സേവനങ്ങൾ അറിയിക്കാൻ തൊഴിലാളികൾക്ക് ശിൽപശാല സംഘടിപ്പിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം
തൊഴിൽ മന്ത്രാലയത്തിന്റെ ഇ-സേവനങ്ങളും, ചൂടുകാലത്തെ വെല്ലുവിളികളും സുരക്ഷാ മുൻകരുതലുകളും സംബന്ധിച്ച് തൊഴിലാളികൾക്കായി പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, സീഷോർ ഗ്രൂപ് എന്നിവരുമായി സഹകരിച്ചാണ് തൊഴിൽ മന്ത്രാലയം വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾക്കായി ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചത്. ശിൽപശാലയിൽ തൊഴിൽ മന്ത്രാലയം പ്രതിനിധി പുതിയ ഇ-സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
മന്ത്രാലയത്തിന്റെ ഡിജിറ്റലൈസേഷൻ പ്ലാനിന്റെ ഭാഗമായി നടപ്പാക്കിയ വിവിധ തൊഴിൽ സേവനങ്ങൾ വിശദീകരിക്കുകയും, തൊഴിലാളികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. തൊഴിലാളികളുടെ മാനസിക-ശാരീരിക ആരോഗ്യ പരിപാലനം, സുരക്ഷ എന്നിവ സംബന്ധിച്ചും വിവിധ ഉള്ളടക്കങ്ങളോടെ ബോധവത്കരണ പരിപാടി ഒരുക്കിയത്.
തൊഴിലിടത്തിൽ പരിക്ക് പറ്റിയാലും, സൂര്യാതപം ഉൾപ്പെടെ ചൂട് കാരണം അപകടം സംഭവിക്കുമ്പോഴുമുള്ള പ്രാഥമിക ശുശ്രൂഷകൾ സംബന്ധിച്ചും പരിശീലനം നൽകി. സുരക്ഷിത തൊഴിൽ അന്തരീക്ഷം എന്ന മന്ത്രാലയം ക്യാമ്പയിനിന്റെ ഭാഗമായാണ് ശിൽപശാലയും സംഘടിപ്പിച്ചത്.