അഴിമതിക്ക് എതിരായ പോരാട്ടത്തിന് അംഗീകാരമായി ഖത്തർ അമീറിൻ്റെ പുരസ്കാരങ്ങൾ
അഴിമതി തുടച്ചുനീക്കാനും സുതാര്യത ഉറപ്പാക്കുന്നതിനുമായി ഖത്തർ അമീറിന്റെ പേരിൽ ഏർപ്പെടുത്തിയ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അന്താരാഷ്ട്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോസ്റ്ററീകയിലെ സാൻജോസിൽ നടന്ന ചടങ്ങിലായിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഴിമതി വിരുദ്ധ പോരാളികൾക്ക് ഖത്തറിന്റെ അംഗീകാരമായ പുരസ്കാരം സമ്മാനിച്ചത്.
ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് നടത്തിയ എട്ടാമത് പുരസ്കാര ചടങ്ങിൽ കോസ്റ്ററീക ഫസ്റ്റ് വൈസ് പ്രസിഡന്റ് സ്റ്റീഫൻ ബ്രണ്ണർ നീബിഗ് ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു. അഴിമതി തുടച്ചുനീക്കാനും ഭരണ നിർവഹണ മേഖലകളിൽ സുതാര്യത ഉറപ്പാകാനും പ്രവർത്തിച്ച വ്യക്തികൾക്കും സംഘടനകൾക്കുമായി അഞ്ചു വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ അവാർഡുകൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫസ്റ്റ് വൈസ് പ്രസിഡന്റ് ബ്രണ്ണറും ചേർന്ന് സമ്മാനിച്ചു.
അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലെ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരത്തിന് ഡോ. മുന ബുചാഹിനെ തെരഞ്ഞെടുത്തു. മെക്സികയിൽനിന്നുള്ള അഴിമതി വിരുദ്ധ പോരാളിയായാണ് ഡോ. മുന ബുചാഹിനെ വിശേഷിപ്പിക്കുന്നത്. ഫോറൻസിക് ഓഡിറ്റിങ്, ഔദ്യോഗിക രേഖകളുടെ തട്ടിപ്പ്, തുടങ്ങി വിവിധ അഴിമതികൾ പുറത്തുകൊണ്ടുവരുകയും അന്വേഷണങ്ങൾക്ക് നിർണായക നേതൃത്വം നൽകുകയും ചെയ്തുകൊണ്ട് പ്രശസ്തയായ ഇവർക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് അംഗീകാരമായാണ് പുരസ്കാരം സമ്മാനിച്ചത്.