യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വീണ്ടും ഖത്തർ
ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗണ്‍സിലിൽ വീണ്ടും ഇടം നേടി ഖത്തർ.2025-2027 കാലയളവിലേക്കുള്ള കൗൺസിലിലേക്കാണ് 167രാജ്യങ്ങളുടെ പിന്തുണയോടെ ഖത്തറിനെ വീണ്ടും തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പിലൂടെയായിരുന്നു ഖത്തറിനെ ആറാം തവണയും മനുഷ്യാവകാശ കൗൺസിലിന്റെ ഭാഗമാക്കിയത്. ഖത്തറിന് അനുകൂലമായി വോട്ട് ചെയ്ത അംഗങ്ങൾക്ക് യു.എന്നിലെ സ്ഥിരം പ്രതിനിധി ശൈഖ അൽയ ബിൻത് സൈഫ് ആൽഥാനി നന്ദി അറിയിച്ചു. മനുഷ്യാവകാശത്തിനായി ദേശീയ, അന്തർ ദേശീയ തലത്തിൽ ഖത്തറിന്റെ നിലപാടിനുള്ള അംഗീകാരം കൂടിയാണ് ഈ തെരഞ്ഞെടുപ്പെന്ന് അവർ അറിയിച്ചു.
നീതി, സമത്വം, മനുഷ്യാവകാശം എന്നീ മൂല്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഖത്തർ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ അംഗീകാരവും വിജയവുമായാണ് ഇതിനെ കണക്കാക്കുന്നത്. വിവിധ മനുഷ്യാവകാശ വിഷയങ്ങളിൽ ശക്തമായി ഇടപെടാനും ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും ആഗോള വെല്ലുവിളികൾ നേരിടാനും ഖത്തറിന്റെ ശ്രമങ്ങൾ തുടരും. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക, ദുർബല വിഭാഗങ്ങളെ സുരക്ഷ ഉറപ്പാക്കുക, മനുഷ്യ അന്തസ്സിനായുള്ള ശ്രമങ്ങളെയും പിന്തുണക്കുക എന്നീ മേഖലകളിൽ ഖത്തർ പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ പ്രസക്തിയെ ബോധ്യപ്പെടുത്തുന്നതാണ് മനുഷ്യവകാശ കൗൺസിലിലേക്കുള്ള വിജയമെന്ന് ജനീവയിലെ യു.എൻ ഓഫിസ് സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുൽ റഹ്മാൻ അൽ മുഫ്ത പറഞ്ഞു. 47 അംഗ രാജ്യങ്ങളാണ് യു.എൻ മനുഷ്യാവകാശ കൗൺസിലിലുള്ളത്.