ഖത്തർ എയർവേയ്സിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചത് 27 വർഷത്തെ ഉയർന്ന ലാഭം
ഖത്തർ എയർവേസ് 2023-24 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ലാഭമുണ്ടാക്കി. 610 കോടി റിയാൽ (ഏകദേശം 14000 കോടി രൂപ) ആണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം. 27 വർഷത്തിനിടയിലെ ഉയർന്ന തുകയാണിത്. 8100 കോടി റിയാൽ (1.85 ലക്ഷം കോടി രൂപയിലേറെ) ആണ് ഈ വർഷത്തെ വരുമാനം. തൊട്ടുമുമ്പത്തെ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനത്തിന്റെ വർധനയുണ്ട്. നാല് കോടിയിലധികം യാത്രക്കാരെ ഖത്തർ എയർവേസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 26 ശതമാനമാണ് വർധന.
യാത്രക്കാരിൽനിന്നുള്ള വരുമാനത്തിൽ 19 ശതമാനം വർധനയുണ്ട്. കാർഗോ വരുമാനവും മെച്ചപ്പെടുത്താൻ കമ്പനിക്ക് കഴിഞ്ഞു. കാർഗോ വിപണി വിഹിതം 7.1 ശതമാനമായി വർധിപ്പിക്കാൻ കഴിഞ്ഞു. മുൻ വർഷത്തേക്കാൾ 0.04 ശതമാനമാണ് വളർച്ച. കൊമേഴ്സ്യൽ ചാർട്ടർ വരുമാനത്തിൽ 17 ശതമാനത്തിലധികമാണ് വർധന.
ഖത്തർ എയർവേസിന്റെ പ്രിവിലേജ് ക്ലബിലെ അംഗസംഖ്യ ഈ കാലയളവിൽ 26 ശതമാനം വർധിച്ചു. ഏവിയസ് ശേഖരം 50 ശതമാനത്തിലധികം വർധിച്ചു. ഖത്തര്‍ എയര്‍വേസ് പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് നല്കുന്ന റിവാര്‍ഡ് കറന്‍സിയാണ് ഏവിയസ്. ഇതുപയോഗിച്ച് വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ്. ഹോളിഡേ പാക്കേജുകള്‍, ഖത്തര്‍ എയര്‍വേസ് ഡ്യൂട്ടി ഫ്രീ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പേമെന്റ് നടത്താം. 800ലേറെ കേന്ദ്രങ്ങളില്‍ ഖത്തര്‍ എയര്‍വേസ് ഏവിയസ് കറന്‍സി റെഡീം ചെയ്യാന്‍ സാധിക്കും. പ്രിവിലേജ് ക്ലബ് അംഗത്വം സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കാവുന്നതാണ്. ഡിജിറ്റലൈസേഷൻ, കാര്യക്ഷമത, ഉപഭോക്താക്കൾക്ക് തൃപ്തികരമായ അനുഭവം നൽകൽ എന്നിവയാണ് ഖത്തർ എയർവേസിന്റെ വിജയമെന്നും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് യാത്രക്കാർക്ക് ആശ്രയിക്കാവുന്ന മികച്ച വിമാനക്കമ്പനി എന്ന നിലയിൽ സ്ഥാനം നിലനിർത്താൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും ഖത്തർ ഊർജ മന്ത്രിയും ഖത്തർ എയർവേസ് ഗ്രൂപ് ചെയർമാനുമായ എൻജിനീയർ സഅദ് ബിൻ ഷെരിദ അൽ കഅബി പറഞ്ഞു. കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കിയും ലക്ഷ്യസ്ഥാനങ്ങൾ വിപുലീകരിച്ചും പുതിയ വികാസത്തിന് തയാറെടുക്കുകയാണ് ഖത്തർ എയർവേസ്.
വ്യോമയാന മേഖല കോവിഡ് കാലത്തെ തളർച്ച പിന്നിട്ട് മികച്ച നിലയിൽ എത്തി. വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക പ്രകടനം കാഴ്ചവെക്കാമെന്ന് ഖത്തർ എയർവേസിന് പ്രതീക്ഷയുണ്ട്. ലോകത്തെ മികച്ച വിമാനക്കമ്പനിക്കുള്ള ഈ വർഷത്തെ സ്കൈ ട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ് സ്വന്തമാക്കിയത് ഖത്തർ എയർവേസാണ്. ലോകത്തെ മികച്ച എയര്‍ലൈനിനുള്ള പുരസ്കാരത്തിന് പുറമെ മികച്ച ബിസിനസ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ച്, മിഡിലീസ്റ്റിലെ മികച്ച എയര്‍ലൈന്‍, തുടങ്ങിയ പുരസ്കാരങ്ങളും ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി സ്വന്തമാക്കിയിരുന്നു. ലോകത്തെമ്പാടുമുള്ള 350 വിമാനക്കമ്പനികളില്‍ നിന്നാണ് ഖത്തര്‍ എയര്‍വേസ് ഒന്നാമതെത്തിയത്. ഓണ്‍ലൈന്‍ വഴി നടന്ന വോട്ടെടുപ്പില്‍ നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരാണ് പങ്കെടുത്തത്. എട്ടാം തവണയാണ് ഖത്തര്‍ വിമാനക്കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പാണ് ഖത്തർ എയർവേസ് സർവിസ് ആരംഭിക്കുന്നത്.