ഖത്തർ എയർവേസ് ദോഹ-അൽഉല സർവിസ് ആരംഭിച്ചു
ദോഹക്കും അൽഉലക്കുമിടയിൽ ഖത്തർ എയർവേസിന്റെ നേരിട്ടുള്ള വിമാന സർവിസ് തുടങ്ങി. ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് അൽതാനിയുടെ സാന്നിധ്യത്തിൽ സൗദി സാംസ്കാരിക മന്ത്രിയും അൽഉല ഗവർണറേറ്റ് റോയൽ കമീഷൻ ഗവർണറുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ വിമാന സർവിസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദോഹയിൽനിന്ന് അൽഉലയിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ചത്.
ഖത്തറിനും സൗദിക്കുമിടയിലെ ഗതാഗതം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്ന് സൗദി സാംസ്കാരിക മന്ത്രി പറഞ്ഞു. ആഗോള വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ അൽഉലയിലേക്ക് പ്രതീക്ഷിക്കുന്ന വർധിച്ച വിമാന സർവിസുകളുടെ ഭാഗമാണ്. മേഖലയിലെ സഹോദരങ്ങളുമായി സഹകരിച്ച് അൽഉലയെ മറ്റ് വിവിധ ഘട്ടങ്ങളിലേക്ക് മാറ്റുന്നതിന് അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം സഹായിക്കുമെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.
ദോഹയിൽനിന്ന് അൽഉലയിലേക്ക് വിമാന സർവിസുകൾ ആരംഭിക്കുന്നത് സംയുക്ത പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഖത്തർ-സൗദി കോഓഡിനേഷൻ കൗൺസിലിന്റെ സാംസ്കാരിക, വിനോദസഞ്ചാര, വിനോദ സമിതിയുടെ പങ്കു വ്യക്തമാക്കുന്ന സുപ്രധാന ഘട്ടമാണെന്ന് ഖത്തർ സാംസ്കാരിക മന്ത്രി പറഞ്ഞു. സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അതിന്റെ പങ്ക് എടുത്തുകാണിക്കുന്നു. സാംസ്കാരിക അവബോധം രൂപപ്പെടുത്തുന്നതിലും അതിനെക്കുറിച്ചുള്ള ചിന്ത പുതുക്കുന്നതിലും അതിനെ സംരക്ഷിക്കുന്നതിലും ഒരു പ്രധാന ഘടകമാണ് സാംസ്കാരിക പൈതൃകമെന്നും ഖത്തർ സാംസ്കാരിക മന്ത്രി പറഞ്ഞു.