ഖത്തർ എയർവെയ്സ് ലോകത്തിലെ മികച്ച വിമാന കമ്പനി
സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ഖത്തര്‍ എയര്‍വേസിന് നേട്ടം. മികച്ച വിമാനക്കമ്പനിയായി ഖത്തര്‍ എയര്‍വേസിനെ തെരഞ്ഞെടുത്തു. ലോകത്തെമ്പാടുമുള്ള 350 വിമാനക്കമ്പനികളില്‍നിന്നാണ് ഖത്തര്‍ എയര്‍വേസ് ഒന്നാമതെത്തിയത്.ഓണ്‍ലൈന്‍ വഴി നടന്ന വോട്ടെടുപ്പില്‍ 100 ലേറെ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരാണ് പങ്കെടുത്തത്.
എട്ടാം തവണയാണ് ഖത്തര്‍ വിമാനക്കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈനിനെ രണ്ടാം സ്ഥാനത്തേക്കാണ് പിന്തള്ളിയാണ് നേട്ടം. എമിറേറ്റ്സാണ് മൂന്നാം സ്ഥാനത്ത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഖത്തര്‍ എയര്‍വേസിനെ ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനായി പ്രഖ്യാപിച്ചത്. ലോകത്തെ മികച്ച ബിസിനസ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ച് പുരസ്കാരങ്ങളും ഖത്തര്‍ എയര്‍വേസിനാണ്. ബിസിനസ് ക്ലാസിനുള്ള പുരസ്കാരം 11ആം തവണയും ബിസിനസ് ക്ലാസ് ലോഞ്ചിനുള്ള പുരസ്കാരം ആറാം തവണയുമാണ് സ്വന്തമാക്കുന്നത്. പശ്ചിമേഷ്യയിലെ മികച്ച വിമാനക്കമ്പനിക്കുള്ള പുരസ്കാരവും ഖത്തര്‍ എയര്‍വേസ് നിലനിര്‍ത്തി. 12ആം തവണയാണ് ഈ നേട്ടം തേടിയെത്തുന്നത്.
നേരത്തെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം ഹമദ് വിമാനത്താവളം സ്വന്തമാക്കിയിരുന്നു. മികച്ച ഷോപ്പിങ് സൗകര്യമുള്ള വിമാനത്താവളവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ്. ഈ മൂന്ന് നേട്ടങ്ങളും ഒരേ വര്‍ഷം സ്വന്തമാക്കുന്ന ആദ്യ കമ്പനിയാണ് ഖത്തര്‍ എയര്‍വേസ്. യാത്രക്കാര്‍ മികച്ച സേവനം നല്കുന്നതിലുള്ള ശ്രദ്ധയും തുടര്‍ച്ചയായി നവീകരിക്കപ്പെടുന്നതുമാണ് ഖത്തര്‍ എയര്‍വേസിനെ നേട്ടത്തിന് അര്‍ഹരാക്കിയതെന്ന് ഗ്രൂപ് സി.ഇ.ഒ എൻജിനീയര്‍ ബദര്‍ അല്‍മീര്‍ പറഞ്ഞു.