ദോഹ - ജിദ്ദ യാത്രക്കാർക്ക് അധിക ബാഗേജിന് അനുമതി നൽകി ഖത്തർ എയർവേയ്സ്
ദോഹയിൽ നിന്നും ജിദ്ദയിലേക്കും തിരികെയുമുള്ള യാത്രക്കാർക്ക് 15 കിലോ അധിക ബാഗേജ് വഹിക്കാൻ അനുവദിച്ച് ഖത്തർ എയർവേസ്. റമദാനിൽ ഉംറ തീർഥാടനത്തിരക്ക് കൂടി കണക്കിലെടുത്താണ് മാർച്ച് 15 മുതൽ ഏപ്രിൽ 10 വരെ ഓരോ യാത്രക്കാരനും അനുവദിച്ച ബാഗേജിനൊപ്പം 15 കിലോ അധികം വഹിക്കാൻ അനുവാദം നൽകുന്നത്.
വിശുദ്ധ മാസത്തിൽ ഖത്തറിൽ നിന്നും സ്വദേശികളും താമസക്കാരും ഉൾപ്പെടെ ജിദ്ദയിലേക്കുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്. ഇവർക്ക്, അധിക ചാർജില്ലാതെ കൂടുതൽ ബാഗേജ് അനുവദിക്കുന്നതു വഴി യാത്ര കൂടുതൽ ആകർഷകമായി മാറും.
നിലവിൽ സൗദിയിലെ 10 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് ദോഹയിൽനിന്നും സർവിസ് നടത്തുന്നത്.