റോഡിൽ വാഹനവുമായി അഭ്യാസം വേണ്ട ; ഖത്തറിൽ വാഹനം പിടിച്ചെടുത്ത് തവിട് പൊടിയാക്കും
നിരത്തിൽ അഭ്യാസവുമായി ചീറിപ്പാഞ്ഞ വാഹനം പിടിച്ചെടുത്ത് മാതൃകാപരമായിതന്നെ ശിക്ഷ നടപ്പാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം റോഡിൽ ഡ്രിഫ്റ്റിങ് നടത്തി ഡ്രൈവ് ചെയ്ത വാഹനമാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കൈയോടെ പൊക്കിയത്.
ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസ് ചുമത്തുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോടതി ഉത്തരവിനെ തുടർന്ന് പിടിച്ചെടുത്ത വാഹനം ക്രഷറിലിട്ട് നശിപ്പിച്ചു. പൊതു-സ്വകാര്യ സ്വത്തുക്കളും ജീവനും അപകടത്തിലാകും വിധം നിരുത്തരവാദപരമായ ഡ്രൈവിങ്ങിനെ തുടർന്നാണ് നടപടി.
നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്നും, സ്വത്തുക്കൾക്ക് കോട്ടം വരുത്തുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയ അധികൃതർ വാഹനം പിടിച്ചെടുത്ത് നശിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
ഡ്രിഫ്റ്റിങ് ഉൾപ്പെടെ വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങൾ പൊതുനിരത്തിൽ പാടില്ലെന്ന് ട്രാഫിക് വിഭാഗം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമാണ് ഡ്രിഫ്റ്റിങ് പാടുള്ളൂ. നേരത്തെയും ഇത്തരം അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്ത് സമാന രീതിയിൽ നശിപ്പിച്ചിരുന്നു.