ഖത്തറിൽ കടലിൽ പരിശോധനയുമായി പരിസ്ഥിതി മന്ത്രാലയം
ഖത്തറിന്റെ കടലോരങ്ങളിലെ പരിസ്ഥിതി വിരുദ്ധ നടപടികൾ തടയുന്നതിനായി പരിശോധനകൾ കർശനമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. നിയമവിരുദ്ധമായ വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, ജൈവ സമ്പത്തുകൾക്ക് ഭീഷണിയാവുന്ന പ്രവർത്തനം എന്നിവ കണ്ടെത്തിയ അധികൃതർ കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിച്ചു.
മാനദണ്ഡങ്ങൾ പാലിക്കാത്ത വലകൾ ഉപയോഗിച്ചതിന് ഒരു മത്സ്യത്തൊഴിലാളിയെ പിടികൂടി. സംരക്ഷിത മേഖലകളിൽ പവിഴപ്പുറ്റുകളിൽ വലകൾ എറിയുന്നതായി അധികൃതർ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സമുദ്ര പരിസ്ഥിതി നിരീക്ഷിക്കുന്നതിനും അവ സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം നടത്തുന്ന കാമ്പയിനുകളുടെ ഭാഗമായാണ് പരിശോധന. വലകൾ കണ്ടുകെട്ടുകയും മത്സ്യത്തൊഴിലാളിക്ക് പിഴ ചുമത്തി തുടർനടപടികൾക്കായി നിർദേശിച്ചതായും അധികൃതർ അറിയിച്ചു.