പുതുമയോടെ മെട്രാഷ് ആപ്പ് പുറത്തിറക്കി ; കൂടുതൽ ലളിതം , ആധുനികം
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുജന സേവന ആപ്ലിക്കേഷനായ മെട്രാഷിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. രാജ്യം ദേശീയദിനം ആഘോഷിക്കുന്നതിനിടെയാണ് പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്നതും ഉപയോക്തൃ സൗഹൃദ രൂപകൽപനയുമായി ശ്രദ്ധേയമായ പുതിയ ആപ്പ് അവതരിപ്പിച്ചത്. ആപ്പ് ചൊവ്വാഴ്ചമുതൽ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങി. നിലവിലെ മെട്രാഷ് 2 ആപ്പിൽനിന്ന് കാഴ്ചയിലും നിറത്തിലും മാറ്റങ്ങളുമായി ആകർഷകമായാണ് പുതിയ ആപ്പ് തയാറാക്കിയത്. ഗൂഗ്ൾ പ്ലേ, ആപ്പ് സ്റ്റോറുകളിൽനിന്നും ‘METRASH’ കീ വേഡിൽ സെർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ആഭ്യന്തര മന്ത്രാലയം പങ്കുവെച്ച ക്യൂ.ആർ കോഡ് സ്കാൻ ചെയ്തും ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാം. ഡൗൺലോഡ് ചെയ്തശേഷം ക്യൂ.ഐ.ഡിയും നിലവിലെ മെട്രാഷ് 2 ആപ്പിൽ ഉപയോഗിക്കുന്ന പാസ് വേഡും നൽകി ലോഗിൻ ചെയ്യുന്നതോടെ പരിഷ്കരിച്ച ആപ്പും സെറ്റ്. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലാണ് ആപ്പിന്റെ സേവനമുള്ളത്. ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ഉറുദു, സ്പാനിഷ് ഭാഷകളാണ് മറ്റുള്ളത്. ഏറ്റവും ലളിതമായ നടപടികളിലൂടെ ആപ്പിലെ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും വിധമാണ് പരിഷ്കാരം.
ട്രാഫിക്, ലൈസൻസ്, വിവിധ ഫീസുകൾ, റെസിഡൻസി, ഇലക്ട്രോണിക് പോർട്ടൽ, അന്വേഷണങ്ങൾ, സെക്യൂരിറ്റി, വിസ, ട്രാവൽ, സർട്ടിഫിക്കറ്റ്, നാഷനൽ അഡ്രസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 330ലേറെ സേവനങ്ങളാണ് മെട്രാഷ് വഴി ലഭ്യമാക്കുന്നത്. കഴിഞ്ഞമാസമായിരുന്നു ഏറ്റവും മികച്ച സർക്കാർ സേവന ആപ്ലിക്കേഷനുള്ള സ്മാർട്ട് അറബ് ഗവൺമെന്റ് പുരസ്കാരം മെട്രാഷ് 2വിന് ലഭിച്ചത്.
പുതിയ സേവനങ്ങൾ
നോട്ടിഫിക്കേഷൻ അലർട്ട്: വിവിധ സേവനങ്ങൾ പുതുക്കുന്നത് സംബന്ധിച്ചതുൾപ്പെടെ നോട്ടിഫിക്കേഷനിലൂടെ ഓർമപ്പെടുത്തും.
പേമെന്റ് ഓപ്ഷൻ: വല്ല സേവനങ്ങൾക്കുമുള്ള കുടിശ്ശിക കാണിക്കുകയും ആപ്പ്ൾ പേ വഴി അടക്കാനുള്ള സൗകര്യവും നൽകുന്നു.
ഫാമിലി ഓതറൈസേഷൻ
സർട്ടിഫിക്കറ്റ് അപേക്ഷയും റീ പ്രിന്റ് ചെയ്യാനുള്ള സൗകര്യവും
വിവിധ സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾ
സ്വദേശികൾക്ക് സ്വന്തം ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യാം
പേഴ്സണൽ ഓതറൈസേഷൻ: അടിയന്തര ഘട്ടങ്ങളിൽ യൂസറുടെ മെട്രഷിലെ ചില സേവനങ്ങൾ മറ്റൊരാൾക്ക് ഉപയോഗിക്കാൻ അനുവാദം നൽകാം. നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കും ഇത്.