ഖത്തറിൽ അടച്ചിട്ട പൊതു ഇടങ്ങളിൽ ഇനി മാസ്‌ക് വേണ്ട; ആശുപത്രികൾ, മെട്രോ-കർവ ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്‌ക് നിർബന്ധമാണ്
ഖത്തറിൽ അടച്ചിട്ട പൊതുയിടങ്ങളിൽ ഇനി മാസ്‌ക് നിർബന്ധമല്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കോവിഡ് കേസുകൾ വർധിച്ചുതുടങ്ങിയ സാഹചര്യത്തിൽ കഴിഞ്ഞ ജൂലൈ ഏഴ് മുതലാണ് അടച്ചിട്ട പൊതുയിടങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. കടകൾ, ഷോപ്പിങ് മാളുകൾ, പള്ളികൾ ഉൾപ്പെടെ പൊതുജനങ്ങൾ കൂടുന്ന എല്ലാ ഇൻഡോർ സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായിരുന്നു. എന്നാൽ, രോഗവ്യാപനം കുറഞ്ഞു തുടങ്ങിയതോടെയാണ് മാസ്‌ക് അണിയുന്നതിൽ ഇളവു നൽകാൻ തീരുമാനിച്ചത്. സിനിമ ഹാൾ, ഷോപ്പിങ് മാളുകൾ, പള്ളി എന്നിവിടങ്ങളിൽ മാസ്‌ക് അണിയേണ്ടതില്ല.
ആശുപത്രികൾ, മെട്രോ-കർവ ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്‌ക് നിർബന്ധമാണ്. ഷോപ്പുകളിലും മറ്റും ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാരും തൊഴിൽസമയത്ത് മാസ്‌ക് അണിയണം. ദീർഘ നാളുകൾക്കുശേഷം കഴിഞ്ഞ മേയ് 18നായിരുന്നു മാസ്‌ക് ഒഴിവാക്കിയത്. തുടർന്ന് കോവിഡ് കേസ് വർധിച്ചതിനെ തുടർന്ന് ജൂലൈയിൽ അടച്ചിട്ട പൊതുയിടങ്ങളിൽ മാസ്‌ക് മാനദണ്ഡം പുനഃസ്ഥാപിക്കുകയായിരുന്നു.