മലയാളി സാമൂഹിക പ്രവർത്തകൻ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
ഖത്തർ സന്ദർശനത്തിനെത്തിയ സാമൂഹിക പ്രവർത്തകനും ദുറുന്നജാത്ത് സെക്രട്ടറിയുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടൻ ഇസ്ഹാഖ് ഹാജി (76) ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി ദോഹ മെട്രോയിൽ ഇറങ്ങി ഖത്തർ നാഷനൽ ലൈബ്രറിയിലേക്ക് നടക്കുന്നതിനിടെയാണ് ലൈബ്രറിക്ക് മുൻപിലെ പാർക്കിങ്ങിൽ നിന്ന് പുറത്തേക്ക് വന്ന വാഹനം ഇടിച്ച് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സാറ, മകൾ സബിത, പേരക്കുട്ടി ദിയ എന്നിവർ നിസാര പരുക്കുകളുമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇസ്ഹാഖ് ഹാജി സംഭവസ്ഥലത്ത് വച്ചു തന്നെ തൽക്ഷണം മരണമടഞ്ഞിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 11ന് ഹയാ സന്ദർശക വീസയിലാണ് ഇവർ ഖത്തറിലെത്തിയത്. മറ്റു മക്കൾ: അൻവർ (ജിദ്ദ), ജലീൽ (ഓസ്ട്രേലിയ), ഷറഫുന്നിസ. മരുമക്കൾ: ഹുസൈൻ പാണ്ടിക്കാട്, ഫസീല, ഡാലിയ, സക്കീർ ഹുസൈൻ (ഖത്തർ). ഔദ്യോഗിക നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.