ഇസ്രയേലിന്റെ വെസ്റ്റ് ബാങ്ക് കുടിയേറ്റ വ്യാപന പദ്ധതി; അപലപിച്ച് ഖത്തർ
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ കുടിയേറ്റ വ്യാപന പദ്ധതിയെ ശക്തമായി അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. യു.എൻ സുരക്ഷ കൗൺസിൽ പ്രമേയത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണിത്. മേഖലയിൽ സംഘർഷം അവസാനിപ്പിക്കാനും സമഗ്രവും നീതിയുക്തവുമായ സമാധാനം സാധ്യമാക്കാനുമുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതാണ് ഇസ്രായേലിന്റെ ഈ ശ്രമം. ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുന്നതിനിടെയാണ് വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ ബലമായി പുറന്തള്ളി കുടിയേറ്റം വ്യാപിപ്പിക്കാൻ അധിനിവേശ ശക്തി ശ്രമിക്കുന്നത്. ഇത്തരം ഏകപക്ഷീയ നടപടികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണം. 1967ലെ അതിർത്തി അടിസ്ഥാനമാക്കി ജറൂസലം ആസ്ഥാമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക മാത്രമാണ് മേഖലയിൽ സ്ഥിരതയും സമാധാനവും കൈവരിക്കാനുള്ള മാർഗം. ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങൾക്കൊപ്പം തന്നെയാണ് ഖത്തർ എക്കാലവും നിലയുറപ്പിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.