ഇസ്രയേൽ - ഇറാൻ സംഘർഷം ; ആശങ്ക അറിയിച്ച് ഖത്തർ
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ആശങ്കയും നടുക്കവും പ്രകടിപ്പിച്ച് ഖത്തർ. മധ്യപൗരസ്ത്യ മേഖലയുടെ സമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന സംഘർഷങ്ങളിൽ നിന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികളും പിൻവാങ്ങണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. സംഘർഷം ലഘൂകരിക്കാനും മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള ഖത്തറിന്‍റെ പ്രതിബദ്ധതയും മന്ത്രാലയം ആവർത്തിച്ചു.
ശനിയാഴ്ച അർധരാത്രിയിൽ ഇറാൻ ഇസ്രായേലിലേക്ക് ആക്രമണം നടത്തിയതിനു പിന്നാലെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമിർ അബ്ദുല്ലഹിയാനുമായി ടെലിഫോണിൽ സംസാരിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്നും അഭിപ്രായഭിന്നതകൾ സമാധാനപരമായി പരിഹരിക്കണമെന്നും അഭ്യർഥിച്ചു. പുതിയ സംഘർഷങ്ങളിൽ ഖത്തറിന്റെ ആശങ്ക പ്രധാനമന്ത്രി ഇറാൻ വിദേശകാര്യമന്ത്രിയെ അറിയിച്ചു.