മന്ത്രി ലുൽവ അൽ ഖാതിറിന് അന്താരാഷ്ട്ര പുരസ്കാരം
ദുരിതം പേറുന്ന ജനങ്ങൾക്കിടയിൽ മാനുഷികവും നയതന്ത്രപരവുമായ ഇടപെടലുകളിലൂടെ സാന്ത്വനം പകരുന്നതിനുള്ള അംഗീകാരമായി ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന് അന്താരാഷ്ട്ര പുരസ്കാരം. മെഡിറ്ററേനിയൻ പാർലമെന്റ് അസംബ്ലിയുടെ (പി.എ.എം) ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി അവാർഡാണ് പോർചുഗലിലെ ബ്രാഗയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയത്. പി.എ.എം പ്രസിഡന്റ് ഇനാം മയാറ പുരസ്കാരം സമ്മാനിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാധാനം സ്ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്കും, മാനുഷികവും നയതന്ത്രപരവും ദുരിതാശ്വാസ സഹായങ്ങളിലൂടെയുമുള്ള ഇടപെടലുകൾക്കുള്ള അംഗീകാരമാണിത്. ഗാസ്സയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ദൗത്യങ്ങളും മാനുഷിക സഹായവും തുർക്കിയയിലും സിറിയയിലും ഭൂകമ്പ ദുരിതബാധിതർക്കുള്ള സഹായവും പുനരധിവാസവും അഫ്ഗാനിസ്താനിലും സുഡാനിലും സമാധാനം സ്ഥാപിക്കാനുള്ള ഇടപെടലുകൾ, റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തിൽ വേര്‍പിരിഞ്ഞ കുട്ടികളെ വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള മധ്യസ്ഥത തുടങ്ങി ഖത്തറിന്റെ മാതൃകാപരമായ ശ്രമങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.