ഖത്തറിൽ സർക്കാർ ഇടപാടുകളിൽ ഹിംയാൻ കാർഡ് 2025 ഫെബ്രുവരിക്ക് ശേഷം
ദേശീയ ഡെബിറ്റ് കാര്ഡായ ‘ഹിംയാൻ’ സർക്കാർ സേവനങ്ങളുടെ പണമിടപാടിന് 2025 ഫെബ്രുവരി മുതൽ മാത്രമാണ് ഉപയോഗിച്ചു തുടങ്ങുകയെന്ന് ഖത്തർ സെൻട്രൽ ബാങ്ക്.ഹിംയാൻ കാർഡ് സേവനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ വ്യക്തത വരുത്തിക്കൊണ്ടാണ് ഖത്തർ സെൻട്രൽ ബാങ്ക് വിശീകരണം നൽകിയത്.
പേമെന്റ് ഡിജിറ്റലൈസേഷന്റെ ഭാഗമായി നടപടികൾ 2025 ഫെബ്രുവരിയിൽ ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്ന് ക്യു.സി.സി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.സർക്കാർ ഇടപാടുകളുടെ സുരക്ഷയും പണമിടപാട് നടപടികളിലെ ചെലവ് കുറക്കുകയുമാണ് ഇതു വഴി ലക്ഷ്യമിടുന്നത്.
ഡിജിറ്റലൈസേഷനിലൂടെ മികച്ച നിലവാരമുള്ള സേവനം ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും തുടരുമെന്നും അറിയിച്ചു.സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ഉറപ്പാക്കിക്കൊണ്ടുള്ള ഡിജിറ്റലൈസേഷൻ നടപടികൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ചിൽ ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ രാജ്യത്തിന്റെ ആദ്യ ദേശീയ ഡെബിറ്റ് കാർഡായ ഹിംയാൻ ഈ വർഷം ഏപ്രിൽ മുതലാണ് ബാങ്കുകൾ വഴി ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയത്.
ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുകയെന്ന ഖത്തർ ദേശീയവിഷന്റെ ഭാഗമായാണ് സെൻട്രൽ ബാങ്കിനു കീഴിൽ ആദ്യ നാഷനൽ ഇ-കാർഡ് പ്രാബല്യത്തിൽ വന്നത്. ഇലക്ട്രോണിക് പേമെന്റ്, എ.ടി.എം, ഓൺലൈൻ വഴിയുള്ള ഇ-കോമേഴ്സ് തുടങ്ങിയ ആവശ്യങ്ങൾക്ക് ‘ഹിംയാൻ’ കാർഡുകൾ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്നതണ്.
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ള ‘ഹിംയാൻ’ കാർഡുകൾക്ക് കുറഞ്ഞ ഇടപാട് ഫീസ്, വൈഫൈ ഇടപാട് സൗകര്യം, വെബ്സൈറ്റുകളിൽ സുരക്ഷിതമായ ഉപയോഗം എന്നിവയാണ് പ്രധാന സവിശേഷതകൾ.
അറേബ്യയിലെ പഴമക്കാർ ഉപയോഗിച്ചിരുന്ന പണസഞ്ചിയുടെ പേരിൽനിന്നാണ് ആധുനിക കാലത്തെ ഡിജിറ്റൽ പണമിടപാടിന്റെ ഉപാധിയായി മാറുന്ന കാർഡിന് ‘ഹിംയാൻ’ എന്ന് പേരിട്ടത്.