ഖത്തർ ലോകകപ്പ്; ഏറ്റവും കൂടുതൽ മത്സരങ്ങൾ കണ്ടതിനുള്ള ലോക റെക്കോർഡ് ഖത്തർ ആരാധകന്
ഫിഫ ലോകകപ്പുകളിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ കളികൾ സ്റ്റേഡിയത്തിൽ ചെന്ന് നേരിട്ട് കണ്ടതിനുള്ള ലോക റെക്കോർഡ് ഇനി ഖത്തരി ഫുട്ബോൾ ആരാധകൻ ഹമദ് അബ്ദുൽ അസീസിന് സ്വന്തം. 2022ലെ ഫിഫ ലോകകപ്പിൽ ഖത്തറിൽ നടന്ന 64 മത്സരങ്ങളിൽ 44 മൽസരങ്ങളിലും പങ്കെടുത്ത ഹമദ് അബ്ദുൽ അസീസ് ലോക റെക്കോർഡ് ഉടമയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
ഒരു ഫിഫ ലോകകപ്പ് ടൂർണമെന്റിൽ മറ്റാരേക്കാളും കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ 39-കാരനായ ഇദ്ദേഹത്തിന് സാധിച്ചു. മികച്ച ആസൂത്രണമാണ് ഇത്രയേറെ മൽസരങ്ങൾക്ക് സാക്ഷിയാവാൻ ഇദ്ദേഹത്തിന് തുണയായത്. ഇത് ഭാവിയിൽ തകർക്കപ്പെടാൻ സാധ്യത വളരെ കുറഞ്ഞ ഒരു റെക്കോർഡാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള പതിപ്പിനാണ് ഖത്തർ ആതിഥേയത്വം വഹിച്ചത്.
ടൂർണമെന്റിന്റെ ആദ്യ ഘട്ടങ്ങളിൽ ഖത്തർ ഒരു ദിവസം നാല് മത്സരങ്ങൾ നടത്തിയിരുന്നു, ഓരോ കിക്ക് ഓഫിനും ഇടയിൽ മൂന്ന് മണിക്കൂർ മാത്രമായിരുന്നു ഇടവേള. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ ദൂരം 75 കിലോമീറ്ററാണ്. അൽ ഖോറിലെ അൽ ബൈത്തിൽ നിന്ന് അൽ വക്രയിലെ അൽ ജനൂബ് വരെയുള്ള ദൂരമാണിത്. എല്ലാ സ്റ്റേഡിയങ്ങളും സാധാരണ മെട്രോ, ബസ് സർവീസുകൾ വഴി ബന്ധിപ്പിച്ചിരുന്നതിനാൽ ഒരു സ്റ്റേഡിയത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര എളുപ്പമായിരുന്നു.
ചെറുതായിരുന്നപ്പോളൾ, ലോകകപ്പ് കളിക്കണമെന്നായിരുന്നു തന്റെ സ്വപ്നമെന്ന് റെക്കോർഡ് ഏറ്റുവാങ്ങിയ ശേഷം ഹമദ് അബ്ദുൽ അസീസ് പറഞ്ഞു. അത് കഴിഞ്ഞില്ലെങ്കിലും ഖത്തറിൽ നടന്ന ലോകകപ്പിൽ പരമാവധി കളികൾ നേരിട്ടു കാണാൻ എനിക്ക് സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു- അൽ വക്രയിൽ വളർന്ന് ജനറേഷൻ അമേസിംഗ് ഫൗണ്ടേഷന്റെ പരിശീലകനായി പ്രവർത്തിക്കുന്ന ഹമദ് പറഞ്ഞു.