ഖത്തർ സന്ദർശകർക്ക് ഇന്നു മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; ജി.സി.സി പൗരന്മാർക്ക് ഇളവ്
സന്ദർശക വിസയിൽ ഖത്തറിലെത്തുന്നവർക്ക് ഇന്നുമുതൽ മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. അതേസമയം, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ഈ നിബന്ധന ബാധകമല്ലെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലമാനി അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
50 റിയാൽ ആണ് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം. ഇൻഷുറൻസ് ഇല്ലാത്തവർക്ക് വിസ അനുവദിക്കില്ല. അടിയന്തര, അപകട സേവനങ്ങൾ മാത്രമാണ് സന്ദർശകർക്കുള്ള ഇൻഷുറൻസ് പോളിസിയിൽ ഉൾക്കൊള്ളുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽക്കൂടുതൽ കവറേജ് വേണ്ടവർക്ക് ഉയർന്ന തുകയ്ക്കുള്ള പോളിസി എടുക്കാം. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പോളിസികൾ മാത്രമേ അനുവദിക്കൂ.
വിസ എടുക്കുന്ന സമയത്ത് തന്നെ ഇൻഷുറൻസ് പോളിസിയും എടുക്കണം. വിസ നീട്ടുന്നതനുസരിച്ച് വീണ്ടും പ്രീമിയം അടയ്ക്കണം. രാജ്യത്ത് ഘട്ടംഘട്ടമായി ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയത്.