ഹെൽത്ത് കാർഡ് പുതുക്കുന്നതിലും തട്ടിപ്പ് ; മുന്നറിയിപ്പുമായി ഖത്തർ എച്ച്.എം.സി
‘നിങ്ങളുടെ ഹെൽത്ത് കാർഡ് കാലാവധി അവസാനിച്ചിരിക്കുന്നു.24 മണിക്കൂറിനുള്ളിൽ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് പുതുക്കുക’ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. എച്ച്.എം.സിയുടെ പേരിൽ ഹുകൂമി വെബ്സൈറ്റ് എന്ന വ്യാജേന നൽകുന്ന ലിങ്ക് വഴിയുള്ള സന്ദേശം തട്ടിപ്പുകാരുടെ പുതിയ അടവാണെന്ന് മുന്നറിയിപ്പു നൽകുകയാണ് അധികൃതർ.
ഇത്തരം വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും അംഗങ്ങളും രോഗികളും പൊതുജനങ്ങളും സൂക്ഷ്മത പാലിക്കണമെന്നും തട്ടിപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് എച്ച്.എം.സി അറിയിച്ചു. ഇത്തരത്തിൽ വരുന്ന എസ്.എം.എസ് ലിങ്കുകൾ തുറക്കാനോ, പ്രതികരിക്കാനോ ശ്രമിക്കരുത്.
സ്വദേശികളുടെയും താമസക്കാരുടെയും വ്യക്തിഗത വിവരങ്ങളും ബാങ്ക് വിശദാശങ്ങളും ചോർത്താനും തട്ടിപ്പ് നടത്താനുമുള്ള മറ്റൊരു ശ്രമമാണ് ഹെൽത്ത് കാർഡ് പുതുക്കൽ എന്ന പേരിലെത്തുന്ന ഇത്തരം സന്ദേശങ്ങൾ.
മെസേജിന് പ്രതികരിക്കാൻ ആവശ്യപ്പെടുകയോ, അല്ലെങ്കിൽ ലിങ്ക് കോപ്പി ചെയ്ത് ബ്രൗസർ വഴി പ്രവേശിക്കുകയോ ചെയ്യണമെന്നാണ് വ്യാജ സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നത്. എന്നാൽ, ഇത്തരത്തിൽ തട്ടിപ്പ് വെബ്സൈറ്റുകളിൽ പ്രവേശിക്കുന്നതോടെ സ്വകാര്യ വിവരങ്ങളും മറ്റും അജ്ഞാത കേന്ദ്രത്തിലെ തട്ടിപ്പു സംഘങ്ങളിലെത്തും.
ബാങ്ക് വിശദാംശങ്ങൾ ചോദിച്ചും, ക്യു.ഐ.ഡി നമ്പർ ആവശ്യപ്പെട്ടും, ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തുവെന്ന് അറിയിച്ചും ഖത്തർ പോസ്റ്റിന്റെ പേരിലുമെല്ലാമായി വരുന്ന വ്യാജ ഫോൺ വിളികളുടെയും എസ്.എം.സിന്റെയും ഹൈപ്പർമാർക്കറ്റുകളുടെ സമ്മാനം ലഭിച്ചതായി അറിയിച്ചുവരുന്ന വാട്സ്ആപ് സന്ദേശങ്ങളുടെയുമെല്ലാം തുടർച്ചയാണ് ഇത്തരം തട്ടിപ്പുകളും.
ഹെൽത്ത് കാർഡ് പുതുക്കാൻ....
ഹുകൂമിയുടെ വെബ്സൈറ്റിൽ സർവിസ് വിഭാഗത്തിൽ പ്രവേശിച്ച് ഹെൽത്ത് കാർഡ് പുതുക്കാവുന്നതാണ്. ഹമദ് മെഡിക്കൽ കോർപറേഷനിൽ നിന്നു തന്നെയുള്ള സന്ദേശത്തിലെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് വഴി ഹെൽത്ത് കാർഡ് പുതുക്കാം. https://hukoomi.gov.qa/en/e-services/renew-health-card എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്.