ക്രൂസ് സീസണിന് ഖത്തറിൽ കൊടി ഇറങ്ങുന്നു ; ഈ മാസം അഞ്ച് കപ്പലുകൾ കൂടി തീരത്ത് എത്തും
ആറുമാസം നീണ്ട ക്രൂസ് സീസണിന് ഏപ്രിലിൽ കൊടിയിറങ്ങുന്നു. ഈ മാസം അഞ്ചു കപ്പലുകൾ കൂടി ദോഹ പഴയ തുറമുഖത്തെ ഗ്രാൻഡ് ക്രൂസ് ടെർമിനലിൽ നങ്കൂരമിടുന്നതോടെ സീസണിന് സമാപനമാകും. 263 യാത്രക്കാരും 145 ക്രൂ അംഗങ്ങളുമായി മാർച്ച് 10ന് ഖത്തറിലേക്ക് കന്നിയാത്ര നടത്തിയ എം.എസ് ഹാംബർഗ് ആണ് തുറമുഖത്ത് ഏറ്റവുമൊടുവിലെത്തിയ കപ്പൽ. 144 മീറ്റർ നീളവും 21.5 വീതിയുമുള്ള കപ്പലിന് പരമാവധി 400 യാത്രക്കാരെയും 170 ക്രൂ അംഗങ്ങളെയും വഹിക്കാനുള്ള ശേഷിയുണ്ട്. എം.എസ്.സി ക്രൂയിസിന്റെ ഉടമസ്ഥതയിലുള്ള മെറാവിഗ്ലിയ-പ്ലസ് ക്ലാസ് ക്രൂയിസ് കപ്പലായ എം.എസ്.സി വിർച്യൂസയാണ് ഗ്രാൻഡ് ക്രൂയിസ് ടെർമിനലിലേക്ക് ഇനി എത്താനുള്ളത്. എം.എസ്.സി ഗ്രാൻഡിയോസയുടെ സിസ്റ്റർ കപ്പലും മെറാവിഗ്ലിയ-പ്ലസ് ക്ലാസിലെ എം.എസ്.സിയുടെ രണ്ടാമത്തെ കപ്പലുമാണ് വിർച്യുസ.
തിങ്കളാഴ്ച മുതൽ വരും ദിവസങ്ങളിലായി കൂടുതൽ കപ്പലുകൾ ദോഹ തീരത്ത് നങ്കൂരമിടും. എപ്രിൽ ഒന്നിന് തന്നെ എയ്ഡ പ്രൈമയും ദോഹയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ട്. 300 മീറ്ററാണ് കപ്പലിന്റെ നീളം. ബ്രിട്ടീഷ് അറ്റ്ലാന്റിക് സമുദ്ര കപ്പലായ ക്വീൻ മേരി 2 ഏപ്രിൽ അഞ്ചിന് എത്തും. തുടർന്ന് അവസാന കപ്പലായ അർത്താനിയ എത്തുന്നതോടെ ഈ ക്രൂയിസ് സീസണ് വിരാമമാകും. 2023-2024 സീസണിൽ 79 ക്രൂയിസ് കപ്പലുകളെയും 3,50,000 യാത്രക്കാരെയുമാണ് ഖത്തർ ടൂറിസം പ്രതീക്ഷിക്കുന്നത്. മുൻ സീസണിലെ കണക്കുകളെ മറികടക്കുന്നതാണിത്. ടൂറിസം മേഖലയിൽ ക്രൂയിസ് ടൂറിസത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിക്കൊണ്ടാണ് സീസൺ അവസാനിക്കുന്നത്. മുൻനിര ആഗോള ലക്ഷ്യസ്ഥാനമായി മാറുന്നതിനുള്ള ഖത്തറിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് ക്രൂയിസ് ടൂറിസത്തിന് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി നേരത്തേ വ്യക്തമാക്കിയിരുന്നു.