പിഴ ചുമത്തിയാൽ യൂറോപ്പിലേക്കുള്ള എൽ.എൻ.ജി കയറ്റുമതി നിർത്തി വെക്കും ; മുന്നറിയിപ്പ് നൽകി ഖത്തർ എനർജി
യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ സുസ്ഥിരത നിയമങ്ങളുടെ പേരിൽ പിഴ ചുമത്തിയാൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാതക കയറ്റുമതി നിർത്തുമെന്ന മുന്നറിയിപ്പുമായി ഖത്തർ എനർജി. കഴിഞ്ഞ ദിവസം ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉൽപാദന, വിതരണങ്ങൾക്കിടെ കാർബൺ ബഹിർഗമനം, മനുഷ്യാവകാശ-തൊഴിൽ നിയമങ്ങളുടെ ലംഘനം എന്നിവ ഇല്ലെന്ന് ഉറപ്പാക്കുന്ന കോർപറേറ്റ് സസ്റ്റൈനബിലിറ്റി ഡ്യൂ ഡിലിജൻസ് ഡിറക്ടിവ് (സി.എസ്.ത്രീ.ഡി) നിയമ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കമ്പനികൾക്ക് ആഗോള വരുമാനത്തിന്റെ അഞ്ചു ശതമാനം പിഴ ചുമത്തുമെന്നാണ് യൂറോപ്യൻ യൂണിയൻ നിർദേശം.
യൂറോപ്പിൽനിന്നും 450 മില്യണ്‍ യൂറോയിലേറെ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക് ബാധകമാകുന്നതാണ് കഴിഞ്ഞ മേയ് മാസത്തിൽ പ്രഖ്യാപിച്ച നിയമം.
ഇത് അംഗീകരിക്കില്ലെന്ന് ഡിസംബർ ആദ്യ വാരത്തിൽ നടന്ന ദോഹ ഫോറത്തില്‍തന്നെ ഖത്തര്‍ ഊര്‍ജ സഹമന്ത്രി വ്യക്തമാക്കിയിരുന്നു. ‘വരുമാനത്തിന്റെ അഞ്ചു ശതമാനം പിഴയടക്കണമെങ്കില് യൂറോപ്യന്‍ യൂണിയനിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യേണ്ടതില്ല എന്നാണ് ഞങ്ങളുടെ നിലപാട്. ഖത്തര്‍ എനര്‍ജിയുടെ അഞ്ചു ശതമാനം വരുമാനം ഖത്തറിന്റെ അഞ്ചു ശതമാനം വരുമാനമാണ്. അത് ഖത്തറിലെ ജനങ്ങളുടെ പണമാണ്. അങ്ങനെയുള്ള പണം നഷ്ടപ്പെടുത്താന്‍ തയാറല്ല’ - ഫിനാൻഷ്യൽ ടൈംസിനു നൽകിയ അഭിമുഖത്തിൽ സഅദ് ഷെരീദ അല്‍ കഅബി പറഞ്ഞു.
ലോകത്തെ മുൻനിര പ്രകൃതി വാതക ഉൽപാദക-കയറ്റുമതി രാജ്യമായ ഖത്തർ നിലവിൽ യൂറോപ്യൻ രാജ്യങ്ങളുടെ പ്രധാന വിതരണക്കാർ കൂടിയാണ്. യുക്രെയ്ൻ അധിനിവേശത്തോടെ റഷ്യയിൽനിന്നുള്ള ഇന്ധനവിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ഖത്തറിൽനിന്നുള്ള കയറ്റുമതിയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ് എന്നിവരുമായി ദീർഘകാല എൽ.എൻ.ജി വിതരണ കരാറും ഖത്തർ എനർജിക്കുണ്ട്.