എക്‌സ്‌പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഇന്ന് ഉദ്ഘാടനം ചെയ്യും; നാളെ മുതൽ പ്രവേശനം
179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഇന്ന് (2023 ഒക്ടോബർ 2, തിങ്കളാഴ്ച) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഖത്തർ അമീർ H.H. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എക്സ്പോയുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും. അൽ ബിദ്ദ പാർക്കിലെ എക്സ്പോ വേദിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഖത്തറിലെ വിവിധ മന്ത്രിമാർ, നേതാക്കൾ, ഉയർന്ന ഉദ്യോഗസ്ഥർ, മറ്റു രാജ്യങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്.
هل أنتم مستعدون لاكتشاف عالم #إكسبو_2023_الدوحة؟ نستقبلكم ابتداءً من 3 أكتوبر، يومياً لمدة 6 أشهر. لا تفوتوا هذه الرحلة
— Expo2023Doha (@Expo2023Doha) October 1, 2023
Ready to dive into what #Expo2023Doha has to offer? We're here to welcome you starting 3rd of October, everyday for 6 months. Don't miss out on this… pic.twitter.com/eAiM6cJFXr
അതേസമയം, പൊതുജനങ്ങൾക്ക് 2023 ഒക്ടോബർ 3, ചൊവ്വാഴ്ച മുതൽ എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി അറിയിച്ചിട്ടുണ്ട്. എക്സ്പോ സന്ദർശകർക്ക് ഇന്റർനാഷണൽ സോൺ, കൾച്ചറൽ സോൺ, ഫാമിലി സോൺ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മേഖലകളിൽ ദിനംപ്രതി നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ആറ് മാസം നീണ്ട് നിൽക്കും.
എക്സ്പോ 2023 ദോഹയിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദർശകരെ വരവേൽക്കുന്നതിനായി എക്സ്പോ വേദി ഒരുങ്ങിയതായി സംഘാടക കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ എക്സിബിഷനാണിത്. 2020-ൽ നടക്കേണ്ടിയിരുന്ന ഈ ഹോർട്ടികൾച്ചറൽ എക്സിബിഷൻ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു.
'ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി' എന്ന ആശയത്തിലൂന്നിയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. മരുഭൂവത്കരണം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ മരുഭൂരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ ഈ പ്രദർശനത്തിൽ പരിശോധിക്കുന്നതാണ്. കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനും, ഹരിത നഗരങ്ങൾ സൃഷ്ടിക്കുന്നതിനും ഖത്തറിനും, പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ക്കും നടപ്പിലാക്കാവുന്ന വിവിധ പരിഹാരങ്ങൾ ഈ പ്രദർശനം മുന്നോട്ട് വെക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയ ഹരിത മേൽക്കൂര എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് എക്സ്പോ 2023 ദോഹ പ്രദർശനത്തിന്റെ പ്രധാന കെട്ടിടം ഏതാനം ദിവസങ്ങൾക്ക് മുൻപ് സ്വന്തമാക്കിയിരുന്നു.