'എല്ലാം കണുന്നുണ്ട്' ; നിരോധിത വസ്തുക്കൾ ഖത്തറിലേക്ക് കടത്തുന്നവർക്ക് കർശന മുന്നറിയിപ്പ്
വിഴുങ്ങി വന്നാലും എവിടെ ഒളിപ്പിച്ചുകടത്തിയാലും നിരോധിത വസ്തുക്കളുമായി വന്നാൽ ഖത്തർ കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാനാവില്ല. കഴിഞ്ഞ ദിവസം ഹമദ് വിമാനത്താവളത്തിൽ പിടികൂടിയ ലഹരി വസ്തുക്കളും ഇതു തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.
ലഹരി മരുന്നുകൾ ഗുളിക രൂപത്തിലാക്കി വിഴുങ്ങിയെത്തിയ യാത്രക്കാരനെ ബോഡി സ്കാനിങ്ങിലൂടെ പിടികൂടിയപ്പോൾ ആമാശയത്തിനുള്ളിൽ കണ്ടെത്തിയത് ലഹരി മരുന്നിന്റെ കൂമ്പാരം. ഗുളിക രൂപത്തിൽ പൊതിഞ്ഞ 80ഓളം ക്യാപ്സ്യൂളുകളാണ് വയറ്റിൽ നിന്നും പിടികൂടിയത്.
ഹെറോയിനും ഷാബുവും ഉൾപ്പെടെ 610 ഗ്രാം വരുമിത്. എല്ലാത്തരത്തിലുള്ള തട്ടിപ്പും ലഹരിക്കടത്തും കള്ളക്കടത്തും തടയാനുള്ള അത്യാധുനിക സംവിധാനങ്ങൾ ഹമദ് വിമാനത്താവളത്തിൽ ഉപയോഗിക്കുന്നതായി കസ്റ്റംസ് ജനറൽ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഈ സവിശേഷമായ അറസ്റ്റുണ്ടായത്. വിമാനത്താവള സുരക്ഷ നിലനിർത്തുന്നതിലും കള്ളക്കടത്ത് തടയുന്നതിലും നൂതന സാങ്കേതികവിദ്യയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിരന്തര ജാഗ്രതയും വലിയ പങ്കാണ് വഹിക്കുന്നതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് മേധാവി അജാബ് മൻസൂർ അൽ ഖഹ്താനി പറഞ്ഞു.