ഖത്തർ അമീർ സിറിയ സന്ദർശിക്കും
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉടൻ സിറിയ സന്ദർശിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. വ്യാഴാഴ്ച നടത്തിയ ഡമസ്കസ് സന്ദർശനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ സിറിയൻ ഭരണകൂടത്തിന്റെ പ്രതീക്ഷ നൽകുന്ന നീക്കങ്ങളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി സിറിയൻ ജനങ്ങൾക്കുള്ള അമീറിന്റെ ആശംസ സന്ദേശവും പിന്തുണയും അറിയിച്ചു. 13 വർഷത്തെ ഇടവേളക്കുശേഷം സിറിയയുമായി വിവിധ തലങ്ങളിൽ നയതന്ത്ര, ഉഭയകക്ഷി ബന്ധം പുനരാരംഭിക്കാൻ കഴിഞ്ഞതിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ വളർച്ചയിലും പുനർനിർമാണത്തിലും ഖത്തറിന്റെ പിന്തുണ അറിയിച്ചു.
സിറിയയിലെ വികസന പ്രവർത്തനങ്ങളിൽ ഖത്തറിന്റെ സഹായം ഉറപ്പു നൽകിയ പ്രധാനമന്ത്രി വൈദ്യുതിക്ഷാമം പരിഹരിക്കാനായി 200 മെഗാ വാട്ട് എത്തിക്കുമെന്നും വ്യക്തമാക്കി. ഘട്ടംഘട്ടമായി രാജ്യത്തെ പത്ത് മേഖലകളിലേക്കും വൈദ്യുതി നൽകും.
ഒപ്പം, സിറിയയുടെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനുള്ള സാങ്കേതിക സഹായവും വാഗ്ദാനം ചെയ്തു. സിറിയക്ക് ജീവകാരുണ്യ-മാനുഷിക സഹായ ആവശ്യങ്ങൾ നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹം കൈകോർക്കണമെന്നും, സിറിയക്കെതിരായ ഉപരോധം കാലതാമസമില്ലാതെ നീക്കം ചെയ്യണമെന്നും ഖത്തർ പ്രധാനമന്ത്രി ആവശ്യമുന്നയിച്ചു.