ഇഫ്താറിന് ലക്ഷ്യസ്ഥാനത്ത് എത്താൻ തിരക്ക് കൂട്ടേണ്ട; ഖത്തർ ആഭ്യന്തര മന്ത്രാലയം
വൈകുന്നേരങ്ങളിൽ ഇഫ്താറിന് ലക്ഷ്യസ്ഥാനത്തെത്താൻ റോഡിൽ തിരക്കു കൂട്ടേണ്ടെന്ന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. നോമ്പുതുറക്കാനും, പുലർച്ചെ നോമ്പു നോൽക്കാനുമുള്ള സമയത്ത് റോഡുകളിൽ അമിത വേഗത്തിൽ വാഹനമോടിക്കുന്നതും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻ വിഭാഗം അറിയിപ്പിൽ വ്യക്തമാക്കി.
ഏതു സമയവും, പരിധിയിൽ കവിഞ്ഞ വേഗം പാടില്ലെന്നും, ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും ഇത് വെല്ലുവിളിയായി മാറും. ഡ്രൈവിങ്ങിനിടെ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണമെന്നും ഓർമിപ്പിച്ചു. ഇഫ്താർ സമയമായാൽ വാഹനം നിർദിഷ്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്ത് നോമ്പു തുറക്കണം.
റമദാനിൽ പൊതുവെ വൈകുന്നേരങ്ങളിലാണ് റോഡ് അപകടങ്ങൾ വർധിക്കുന്നത്. ഓഫിസുകളിൽ നിന്നും ജോലി കഴിഞ്ഞും തിരക്കുപിടിച്ച് വീടുകളിലേക്കും റൂമുകളിലേക്കുമുള്ള യാത്രയും, ഷോപ്പിങ് കഴിഞ്ഞുള്ള ധിറുതി പിടിച്ച യാത്രയുമെല്ലാം റോഡിലെ തിരക്കിനും കാരണമാകുന്നു. മുൻകരുതലും തയാറെടുപ്പുമായി ഇത്തരത്തിലെ തിരക്കുപിടിച്ച ഓട്ടം ഒഴിവാക്കാവുന്നത്.
ക്ഷീണവും തലകറക്കവും ഉൾപ്പെടെ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ഒഴിവാക്കണമെന്നും നിർദേശിച്ചു. ശ്രദ്ധ നഷ്ടമാവുന്നത് അപകടത്തിന് കാരണമാകും. ഇതോടൊപ്പം, താമസകേന്ദ്രങ്ങളിലും മറ്റുമുള്ള ചെറു റോഡുകളിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും നിർദേശിച്ചു.
വൈകുന്നേരവും രാത്രിയും കളിക്കുന്നത് അപകടത്തിന് ഇടയാക്കും. കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് എല്ലാ ദിശകളിൽനിന്നും റോഡ് വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തിരക്കുള്ള സമയങ്ങളിൽ നിയുക്ത സീബ്രാ ക്രോസിങ്ങുകൾ ഉപയോഗിക്കാനും നിർദേശിച്ചു.