കുവൈത്ത് അമീറിന്റെ വിയോഗം ; ഖത്തറിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വേർപാടിൽ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തർ. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് എല്ലായിടത്തും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി നിർദേശം നൽകി. സൗഹൃദ രാഷ്ട്രത്തലവന്റെ വേർപാടിൽ അമീർ അനുശോചനം അറിയിച്ചു.
അറബ്, ഇസ്ലാമിക ലോകത്തിന്റെ ഐക്യത്തിനും സുസ്ഥിരതക്കുമായി പ്രയത്നിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് ഖത്തർ അമീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഗൾഫ് രാഷ്ട്രങ്ങൾ തമ്മിലെ സൗഹൃദത്തിനും സുരക്ഷക്കും സമാധാനത്തിനുമായി എന്നും ശക്തമായി നിലയുറപ്പിച്ച നേതാവിന്റെ വേർപാട് ഗൾഫ് രാജ്യങ്ങൾക്കും തീരാനഷ്ടമാണ്. കുവൈത്തിലെ ജനങ്ങളുടെ വേദനയിൽ പങ്കുചേരുകയും അവരുടെ നേതാവിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു -അമീർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി എന്നിവരും അനുശോചനമറിയിച്ചു.
മറഞ്ഞത് ലോകത്തിന്റെ അമീർ....
ഭരണാധികാരിയെന്ന നിലയില്‍ കുവൈത്തില്‍ നിറഞ്ഞുനിന്ന ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യപുരോഗതിക്കൊപ്പം ലോകത്ത് ദുരിതം അനുഭവിക്കുന്നവരെ എന്നും നെഞ്ചോട് ചേർത്തുപിടിച്ച ഭരണാധികാരിയാണ്.
1961 ഫെബ്രുവരിയിൽ ഹവല്ലി ഗവർണറായി തുടങ്ങിയ ഔദ്യോഗിക ജീവിതം കുവൈത്തിന്റെ സമഗ്ര പുരോഗതിക്ക് സാക്ഷിയായതിനൊപ്പം കുവൈത്തിന് പുറത്തും പ്രതിഫലനങ്ങൾ സൃഷ്ടിച്ചു. ദുരിതം അനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ചേർത്തുനിർത്തുക എന്നതായിരുന്നു ശൈഖ് നവാഫിന്റെ രീതി. ലോകത്തെ വിവിധ ദേശങ്ങളിലെ ജനങ്ങൾ കുവൈത്ത് അമീറിന്റെ കരുതലും സ്നേഹവും അനുഭവിച്ചവരാണ്.
പ്രകൃതിദുരന്തങ്ങളും സംഘർഷങ്ങളും മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിന് കുവൈത്തിന്റെ സജീവ ശ്രദ്ധ പതിക്കുന്നതിൽ ശൈഖ് നവാഫ് എന്നും മുൻഗണന നൽകി. പ്രയാസമനുഭവിക്കുന്നവരിൽ കാരുണ്യം ചൊരിയാനും സഹായമെത്തിക്കാനും മുന്‍പന്തിയിൽ നിന്നു. ഗാസയുടെ നിലവിളികൾക്ക് മാനുഷികസഹായവുമായി ആദ്യം രംഗത്തെത്തിയത് കുവൈത്താണ്.
ആഭ്യന്തരസംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന സുഡാനും അടുത്തിടെ ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയ, സിറിയ എന്നിവക്കും സഹായം എത്തിക്കുന്നതിലും കുവൈത്ത് ശ്രദ്ധ പുലർത്തി.
സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ മറ്റു രാജ്യക്കാർക്കും ശൈഖ് നവാഫ് തുല്യപരിഗണനയാണ് നൽകിയത്. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്കും ഇതിന്‍റെ ഗുണഫലങ്ങൾ ഏറെ ലഭിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് ഇന്ത്യയിലേക്ക് കുവൈത്തിൽനിന്ന് ഓക്സിജൻ കയറ്റിയയക്കുന്നതിൽ ശൈഖ് നവാഫിന്‍റെ ഇടപെടലുണ്ട്. ഗൾഫ് മേഖലയും അറബ് രാജ്യങ്ങളും സംഘർഷത്തിന്റെ അന്തരീക്ഷത്തിലൂടെ കടന്നുപോയപ്പോഴെല്ലാം ലോകം കുവൈത്ത് അമീറിനെയാണ് ഉറ്റുനോക്കിയത്.