ഖത്തറിലെ ദർബ് അൽ സാഇിയിലെ ആഘോഷ പരിപാടികൾ കൊടിയിറങ്ങി
ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ദർബ് അൽ സാഇ പരിപാടികൾക്ക് കൊടിയിറങ്ങി. ഡിസംബർ 10ന് തുടങ്ങിയ പരിപാടികൾ ശനിയാഴ്ച രാത്രിയിലെ വൈവിധ്യമാർന്ന കലാവിരുന്നുകളോടെയാണ് സമാപിച്ചത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ സ്ത്രീകളും, കുട്ടികളും മുതിർന്നവരും ഒഴുകിയെത്തിയ മേള സർവകാല റെക്കോഡും സൃഷ്ടിച്ചു. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സാഇ ആഘോഷവേദികൾ സന്ദർശിച്ചത്. കോർണിഷിലെ പരേഡ് ഒഴിവാക്കിയതോടെ സ്വദേശികൾക്കും വിദേശികൾക്കും ദേശീയ ദിനത്തിന്റെ പ്രധാന ആഘോഷകേന്ദ്രം ദർബ് അൽ സാഇയായി മാറിയെന്നാണ് വിലയിരുത്തുന്നത്.
ഡിസംബര്‍ 18ന് 1,02,068 പേരാണ് എത്തിയത്. ഖത്തരി പൈതൃകവും സംസ്കാരവും ആഘോഷിക്കാനും പുതു തലമുറയിലേക്ക് കൈമാറാനുമുള്ള വേദിയായി മാറിയ ദർബ് അൽ സാഇ ഖത്തരി അർദ നൃത്തം, കരകൗശല പ്രദർശനവും നിർമാണവും, ഖത്തറിന്റെ കടൽ പൈതൃകം പറയുന്ന പരിപാടികൾ, പരമ്പരാഗത വിഭവങ്ങൾ, ഒട്ടക സവാരി തുടങ്ങി 15 പ്രധാന പരിപാടികളും 104ലേറെ വ്യക്തിഗത പരിപാടികളുമായി ശ്രദ്ധേയമായിരുന്നു. ഡിസംബര്‍ 18 വരെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ജനത്തിരക്ക് പരിഗണിച്ച് മൂന്നു ദിവസം കൂടി നീട്ടുകയായിരുന്നു.