സൈബർ ക്രൈം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഓർമപ്പെടുത്തി ഖത്തർ
ഡിജിറ്റൽ ലോകം നിത്യജീവിതത്തിന്റെ ഭാഗമായ കാലത്ത് സൈബർ ക്രൈം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഓർമപ്പെടുത്തി ഖത്തർ വിവരസാങ്കേതിക മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും. ഇരു മന്ത്രാലയങ്ങളുടെയും സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ‘എക്സി’ലാണ് പൊതുജനങ്ങൾക്കും പൗരന്മാർക്കുമിടയിൽ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതകൾ ഓർമിപ്പിച്ചത്. എസ്.എം.എസ് സന്ദേശങ്ങളായും ഫോൺ വിളികൾ, ഇ-മെയിൽ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെയെത്തുന്ന തട്ടിപ്പുകളിൽ വീണുപോവരുതെന്ന കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (എം.സി.ഐ.ടി) മന്ത്രാലയം ‘എക്സ്’ പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നു.
പണം, വസ്തുക്കൾ, നിങ്ങളുടെ ഉടമസ്ഥതയിലുള്ള ആസ്തികൾ തുടങ്ങിയവ തട്ടിയെടുക്കുന്നതിനായി വിവിധ മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ സമീപിക്കുന്നത്. പ്രവാസ മണ്ണിലും ഇതിനൊട്ടും കുറവില്ല. മലയാളികൾ മുതൽ വിവിധ രാജ്യക്കാർ പല ഭാഷകളിലും വ്യത്യസ്ത രീതികളിലും ഇരകളെ തേടി വലയിലാക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ നിരന്തരം ബോധവത്കരണം നടത്തുന്നത്. അറിയാവുന്നതും വിശ്വസിക്കുന്നതുമായ ആളുകളുടെയോ ഏജൻസികളുടെയോ കമ്പനികളുടെയോ പേരിലും തട്ടിപ്പുകൾ നടന്നേക്കാം. വിശ്വസനീയമായ കേന്ദ്രങ്ങൾ എന്ന തരത്തിൽ പെരുമാറി വിശ്വാസ്യത നേടിയായിരിക്കും വിവിധ തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നത്.
ക്ലിക്കിന് മുമ്പ് ക്രോസ് ചെക്ക്
ഔദ്യോഗികമോ, സർക്കാർ വെബ്സൈറ്റുകളോ എന്നപേരിൽ തട്ടിപ്പുകാർ ഇരകളെ വലയിലാക്കുന്നതായി എം.സി.ഐ.ടി മന്ത്രാലയം അറിയിക്കുന്നു. എന്നാൽ, ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ഇവ യഥാർഥമാണോ എന്ന് പരിശോധിച്ചുറപ്പാക്കണം. വെബ്സൈറ്റുകൾ വ്യാജമാണോ എന്ന് വളരെ എളുപ്പത്തിൽ സ്ഥിരീകരണം നടത്താവുന്നതുമാണ്. ഖത്തറിലെ മുഴുവൻ സർക്കാർ വെബ്സൈറ്റുകളും ‘gov.qa’ എന്ന വിലാസത്തിലായിരിക്കും അവസാനിക്കുന്നത്. ഇതല്ലാത്ത ലിങ്കുകളിൽ സർക്കാർ ആവശ്യത്തിനായി പ്രവേശിക്കാതെ തട്ടിപ്പുകാരെ പടിക്കു പുറത്താക്കാം.
ഡൊമൈനും യു.ആർ.എലും കൃത്യമാണോ എന്ന് പരിശോധിക്കുകയാണ് മറ്റൊരു വഴി. സർക്കാറിലെ പ്രധാന സേവനങ്ങളുടെ വെബ്സൈറ്റുകളുടെ സ്പെല്ലിങ്ങിൽ ചെറിയ മാറ്റങ്ങൾ വരുത്തി തട്ടിപ്പുകാർ പുതിയ ഡൊമൈൻ സൃഷ്ടിച്ചും ഇരകളെ വീഴ്ത്തുന്നു. സ്പെല്ലിങ് പരിശോധിച്ചുകൊണ്ടുതന്നെ കണ്ടെത്താം. ഇതോടൊപ്പം സ്പോൺസർ ചെയ്യപ്പെടുന്ന വെബ്സൈറ്റുകൾ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. സെർച്ച് എൻജിനിൽ ആദ്യം പ്രത്യക്ഷപ്പെടുന്നതിന് തട്ടിപ്പുകാർ പരസ്യങ്ങൾ സ്പോൺസർ ചെയ്യുന്ന വ്യാജ വെബ്സൈറ്റ് സ്വന്തമാക്കിയും ഇരകളെ വീഴ്ത്തിയേക്കാം.
യാത്രകളിലും സൂക്ഷിക്കുക
വിദേശ യാത്രകളിൽ ഉൾപ്പെടെ സൈബർ തട്ടിപ്പിനും ഹാക്കിങ്ങിനുമുള്ള സാധ്യതകൾക്കെതിരെ മുന്നറിയിപ്പു നൽകുകയാണ് ആഭ്യന്തര മന്ത്രാലയം. മൊബൈൽ ഫോൺ, ലാപ്ടോപ്, ഐ പാഡുകൾ ഉൾപ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കാര്യക്ഷമമായ പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കണം. പണമിടപാട് ഉൾപ്പെടെ നടത്തുന്ന സന്ദർഭങ്ങളിൽ പൊതു ഇടങ്ങളിലെ വൈ ഫൈ സൗകര്യങ്ങൾ ഉപയോഗിക്കാതിരിക്കുക. ഇലക്ട്രോണിക് ഉപകരണങ്ങൾ പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുക. അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ഒന്നിലേറെ ഓഥന്റിഫിക്കേഷൻ നൽകി സുരക്ഷ ഇരട്ടിപ്പിക്കുക.
ബാങ്കിൽ നിന്നുള്ള ഫോൺ എന്ന രീതിയിലുള്ള തട്ടിപ്പുകളിലും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യക്തിഗത വിവരങ്ങൾ, ക്രെഡിറ്റ് -ഡെബിറ്റ് കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ള വിളികളിൽ വീഴരുതെന്നും അറിയിച്ചു. ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റിയും പൗരന്മാരോടും പൊതുജനങ്ങളോടും സൈബർ തട്ടിപ്പിനും സാമ്പത്തിക തട്ടിപ്പിനുമെതിരെ മുൻകരുതൽ പാലിക്കാൻ നിർദേശം നൽകുന്നു.
ഉടൻ പ്രതികരിക്കാനും പണം നൽകാനും ആവശ്യപ്പെടുന്ന സന്ദേശങ്ങൾ, അപരിചിതമായ നമ്പറുകൾ, വ്യക്തികൾ എന്നിവിടങ്ങളിൽനിന്ന് പണവും വ്യക്തിവിവരങ്ങളും ആവശ്യപ്പെട്ടുള്ള ഫോൺ വിളികൾ എന്നിവയിൽ വീഴാതിരിക്കുക. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ഒരിക്കലും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ട് ഫോൺ ചെയ്യില്ലെന്ന് ഓർക്കുക തുടങ്ങിയ നിർദേശങ്ങൾ ക്യു.എഫ്.സി.ആർ.എ നൽകുന്നു. ഹെൽത്ത് കാർഡ് പുതുക്കാനുള്ള സന്ദേശവുമായെത്തുന്ന വ്യാജ എസ്.എം.എസുകൾക്കെതിരെ കഴിഞ്ഞയാഴ്ച ഹമദ് മെഡിക്കൽ കോർപറേഷനും മുന്നറിയിപ്പു നൽകിയിരുന്നു.