കാർലോസ് ക്വീറോസിനെ ഖത്തർ ദേശീയ ഫുട്ബാൾ ടീം പരിശീലകനായി നിയമിച്ചു
ആധുനിക ഫുട്ബാളിലെ പരിശീലകരിൽ പ്രഗത്ഭനായ കാർലോസ് ക്വീറോസിനെ ഖത്തർ ദേശീയ ഫുട്ബാൾ ടീം പരിശീലകനായി നിയമിച്ചു. ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിൽ ഇറാൻ ടീമിനെ പരിശീലിപ്പിച്ചത് പോർചുഗീസുകാരനായ ക്വീറോസായിരുന്നു. പോർചുഗൽ ദേശീയ ടീം കോച്ചായിരുന്ന ക്വീറോസ് ഈജിപ്ത്, കൊളംബിയ, ദക്ഷിണാഫ്രിക്ക, യു.എ.ഇ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ആധുനിക ഫുട്ബാളിലെ അതികായരായ റയൽ മഡ്രിഡ് ക്ലബിന്റെ പരിശീലകനായിരുന്നു.
'കാർലോസ് ക്വീറോസ് ആണ് അൽ അന്നാബിയുടെ പുതിയ മുഖ്യ പരിശീലകൻ. ഞങ്ങളുടെ ദേശീയ ടീമിനൊപ്പം പോർചുഗീസ് കോച്ചിന് എല്ലാ ഭാവുകങ്ങളും നേരുന്നു'-ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യൂ.എഫ്.എ) ട്വിറ്ററിൽ അറിയിച്ചു.
സ്‌പെയിൻകാരനായിരുന്ന ഫെലിക്‌സ് സാഞ്ചസ് പടിയിറങ്ങിയ ഒഴിവിലേക്കാണ് 69കാരനായ ക്വീറോസിനെ ഖത്തർ പരിശീലകനായി നിയമിക്കുന്നത്. നിലവിൽ ആഗോള ഫുട്ബാളിൽ വിദേശ ടീമുകളെ പരിശീലിപ്പിക്കുന്ന ഏഴ് പോർചുഗീസ് കോച്ചുമാരിൽ ഒരാളാണ് ക്വീറോസ്.
ഫെർണാണ്ടോ സാന്റോസ് (പോളണ്ട്), റൂയി വിറ്റോറിയ (ഈജിപ്ത്), പെഡ്രോ ഗോൺസാൽവസ് (അംഗോള), പൗലോ ഡുവാർട്ടെ (ടോഗോ), ഹീലിയോ സൂസ (ബഹ്റൈൻ), ജോസ് പെസീറോ (നൈജീരിയ) എന്നിവരാണ് ദേശീയ ടീമുകളുടെ പരിശീലക പദവിയിലുള്ള മറ്റു പോർചുഗീസുകാർ.