വീശിയടിച്ച് കാറ്റ് ; ഖത്തറിൽ ലഭിച്ചത് ഒറ്റപ്പെട്ട മഴ
അയൽരാജ്യങ്ങളായ ഒമാനിലും യു.എ.ഇയിലും ബഹ്റൈനിലും മഴ തകർത്തു പെയ്ത് ദുരിതം വിതക്കുമ്പോൾ ഖത്തറിൽ ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ വിവിധ മന്ത്രാലയങ്ങൾ ഉണർന്നുപ്രവർത്തിച്ച് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. സ്കൂളുകളിൽ വിദ്യാർഥികൾക്ക് അവധി നൽകി, പഠനം ഓൺലൈനിലേക്ക് മാറ്റുകയും സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ ജീവനക്കാർക്ക് വർക് ഫ്രം ഹോം സൗകര്യം ഒരുക്കുകയും ചെയ്തതോടെ അവധി മൂഡിലായി മഴ മുന്നറിയിപ്പുള്ള ദിനം. സ്വദേശികളും താമസക്കാരും അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് വീടുകളിൽ തന്നെ കൂടുതൽ സമയവും ചിലവഴിച്ചു.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമായിരുന്നു മഴ പെയ്തത്. തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച രാവിലെ ചാറ്റൽമഴയിൽ ഒതുങ്ങി. ദുഖാൻ, അൽ ഷഹാനിയ, അൽ റുവൈസ്, അൽ ഖോർ, റാസ് ലഫാൻ, അൽ ഖീസ, ഉംസലാൽ എന്നിവിടങ്ങളിൽ ശക്തമായി തന്നെ മഴ പെയ്തു. എന്നാൽ, എവിടെയും അധികനേരങ്ങളിൽ മഴയില്ലായിരുന്നു. റാസ്ലഫാനിൽ ആലിപ്പഴ വർഷവുമുണ്ടായതായി സമൂഹ മാധ്യമങ്ങളിൽ ചിലർ പങ്കുവെച്ചു. തിങ്കളാഴ്ച വൈകുന്നേരം മുതൽ തന്നെ ദോഹ, അൽ വക്റ, അൽ റയ്യാൻ, അൽ ഖോർ ഉൾപ്പെടെ എല്ലായിടങ്ങളിലും കാറ്റ് വീശിയടിച്ചിരുന്നു. ഇതേത്തുടർന്ന് കടലും പ്രക്ഷുബ്ധമായി. സീലൈൻ ബീച്ച്, ദോഹ കോർണിഷ്, അൽ വക്റ എന്നിവടങ്ങളിൽ ഉയർന്നടിക്കുന്ന തിരമാലകളുടെ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു.
അതേസമയം, ശക്തമായ കാറ്റും തീരങ്ങളിൽ തിരമാല ഉയരുമെന്നും കാലാവസ്ഥ വിഭാഗം ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകി. മണിക്കൂറുകളുടെ ഇടവേളയിൽ കാലാവസ്ഥ വിഭാഗം അറിയിപ്പുകൾ പങ്കുവെച്ചിരുന്നു. ബുധനാഴ്ച രാവിലെ വരെ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. റോഡുകളിലെ സൂചന ബോർഡുകളിൽ വാഹനങ്ങൾക്ക് മുന്നറിയിപ്പുകൾ തിങ്കളാഴ്ച രാത്രി മുതൽ സജീവമായി. ആഭ്യന്തര മന്ത്രാലയം, അഷ്ഗാൽ, ആരോഗ്യ വിഭാഗം, മുനിസിപ്പാലിറ്റി മന്ത്രാലയം തുടങ്ങിയ വിഭാഗങ്ങൾ ജാഗ്രത പുലർത്തി. സ്കൂളുകളും സർക്കാർ-പൊതുമേഖലാ ഓഫിസുകളും ബുധനാഴ്ച പതിവുപോലെ തന്നെ പ്രവർത്തിക്കും.