ഭരണഘടന ഭേദഗതി ; പൗരൻമാർക്കിടയിൽ ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്ത് ഖത്തർ അമീർ
ഭരണഘടന ഭേദഗതി സംബന്ധിച്ച നിർദേശങ്ങളിൽ പൗരന്മാർക്കിടയിൽ ഹിതപരിശോധനക്ക് ആഹ്വാനം ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. നവംബർ അഞ്ചിന് നടക്കുന്ന ഹിതപരിശോധനയിൽ രാജ്യത്തെ 18 വയസ്സ് തികഞ്ഞ മുഴുവൻ പൗരന്മാരും പങ്കെടുക്കണമെന്ന് ചൊവ്വാഴ്ച പുറപ്പെടുവിച്ച 87ആം നമ്പർ ഉത്തരവിൽ അമീർ ആഹ്വാനം ചെയ്തു.
രാവിലെ ഏഴു മുതൽ രാത്രി ഏഴു മണിവരെ നീളുന്ന ഹിതപരിശോധന സുഗമമായി നടത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രത്യേക റഫറണ്ടം കമ്മിറ്റി രൂപവത്കരിക്കാനും അമീർ നിർദേശിച്ചു. ഹിതപരിശോധനയുടെ ഫലം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കും.
ആഭ്യന്തര മന്ത്രി ചെയർമാനായുള്ള പൊതു ഹിതപരിശോധന കമ്മിറ്റിയാവും തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
നീതിന്യായ മന്ത്രി, ആഭ്യന്തര സഹമന്ത്രി, ശൂറാ കൗൺസിൽ സ്പീക്കർ നിർദേശിക്കുന്ന കൗൺസിൽ അംഗങ്ങൾ, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റ് നിർദേശിക്കുന്ന ജഡ്ജി, ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് വിഭാഗം ഡയറക്ടർ എന്നിവർ അംഗങ്ങളാകും.
ഭരണഘടന ഭേദഗതി സംബന്ധിച്ച നിർദേശങ്ങൾക്ക് കഴിഞ്ഞ ദിവസം ചേർന്ന ശൂറാ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമായി ഹിതപരിശോധന നടക്കുന്നത്.
ശൂറാ കൗൺസിലിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിർദേശങ്ങളിലാണ് പ്രധാനമായും ഭേദഗതിയുള്ളത്. രണ്ടാഴ്ച മുമ്പ് നടന്ന കൗൺസിലിന്റെ 53ാമത് വാർഷിക സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് അമീർ ഭരണഘടന ഭേദഗതിക്ക് നിർദേശിച്ചിരുന്നു. മൂന്നിൽ രണ്ട് അംഗങ്ങളെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുന്ന നിലവിലെ രീതിക്കു പകരം മുഴുവൻ അംഗങ്ങളെയും അമീരി ഉത്തരവിലൂടെ നേരിട്ട് നിയമിക്കുന്ന വിധത്തിൽ ഭരണഘടന ഭേദഗതി ചെയ്യണമെന്നതായിരുന്നു നിർദേശം.
2021ൽ നടന്ന തെരഞ്ഞെടുപ്പിൽ 45 അംഗ കൗൺസിലിലെ 30 പേരെ വോട്ടെടുപ്പിലൂടെയും ശേഷിച്ച 15 പേരെ അമീർ നാമനിർദേശം വഴിയും തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ആർട്ടിക്ൾ 77ലെ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് നിർദേശത്തിന് ശൂറാ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകി.
‘‘ശൂറാ കൗൺസിലിൽ 45ൽ കുറയാത്ത അംഗങ്ങൾ ഉണ്ടായിരിക്കും, അംഗങ്ങളുടെ നിയമനം അമീരി ഉത്തരവിലൂടെ പുറപ്പെടുവിക്കും’’ എന്നാണ് കരട് ഭേദഗതി നിയമത്തിൽ നിർദേശിക്കുന്നത്. ഭരണഘടന ഭേദഗതി സംബന്ധിച്ച് പഠനത്തിന് നിയോഗിച്ച പ്രത്യേക കമ്മിറ്റി തയാറാക്കിയ കരട് നിർദേശങ്ങൾ തിങ്കളാഴ്ച ചേർന്ന ശൂറാ കൗൺസിൽ യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.