പരിസ്ഥിതിയെ നോവിക്കാതെ അൽ സുഡാൻ ബസ് സ്റ്റേഷൻ
യാത്ര എളുപ്പമാക്കി അൽ സുഡാൻ ബസ് സ്റ്റേഷന്റെ പ്രവർത്തനം സജീവം. പ്രതിദിനം 1,750 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സ്റ്റേഷനിൽ നിന്ന് മണിക്കൂറിൽ 4 റൂട്ടുകളിലേക്ക് 22 ബസുകളാണ് സർവീസ് നടത്തുന്നത്. ഇലക്ട്രിക് ബസ് ചാർജിങ് യൂണിറ്റുകളോടു കൂടി 2021 നവംബറിൽ പ്രവർത്തനം തുടങ്ങിയ സ്റ്റേഷൻ ഗതാഗത മന്ത്രാലയത്തിന്റെ പരിസ്ഥിതി സൗഹൃദ നയങ്ങളുടെ കീഴിലെ പബ്ലിക് ബസ് അടിസ്ഥാന സൗകര്യ വികസന പ്രോഗ്രാമിന്റെ ഭാഗമായാണ് നിർമിച്ചത്.
സുഡാൻ മെട്രോ സ്റ്റേഷന്റെയും അൽ സദ്ദ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും സമീപത്താണ് അൽ സുഡാൻ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ആസ്പയർ സോൺ, വില്ലാജിയോ മാൾ, ടോർച്ച് ടവർ എന്നിവിടങ്ങളിലേക്ക് വേഗമെത്താം. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും യാത്ര എളുപ്പമാണ്. 7 ബസ് ബേകൾ, ഇ-ബസ് ചാർജിങ് സൗകര്യം, ടിക്കറ്റിങ് കൗണ്ടർ, യാത്രക്കാർക്കുള്ള കാത്തിരിപ്പ് ഏരിയ, അഡ്മിനിസ്‌ട്രേഷൻ ഓഫിസ്, പള്ളി, വാണിജ്യ ശാല തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
അൽ സുഡാന് പുറമെ മിഷെറീബ്, അൽ ഗരാഫ, ലുസെയ്ൽ, അൽ വക്ര, എജ്യൂക്കേഷൻ സിറ്റി, ഇൻഡസ്ട്രിയൽ ഏരിയ, വെസ്റ്റ് ബേ സെൻട്രൽ എന്നിവിടങ്ങളിൽ 8 ബസ് സ്റ്റേഷനുകളും ലുസെയ്ൽ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, അൽ വക്ര, അൽ റയാൻ എന്നിവിടങ്ങളിൽ 4 ബസ് ഡിപ്പോകളുമാണുള്ളത്. ഇവിടങ്ങളിലെല്ലാമായി 650 ഇലക്ട്രിക് വാഹന ചാർജിങ് യൂണിറ്റുകളുമുണ്ട്. പരിസ്ഥിതി സുസ്ഥിരത ലക്ഷ്യമിട്ട് രാജ്യത്തിന്റെ പൊതുഗതാഗത സൗകര്യങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് മന്ത്രാലയത്തിന്റെ നടപടികൾ.