അനാഥർക്കായി ഖത്തർ ചാരിറ്റി തുർക്കിയിൽ ഓർഫൻ സിറ്റി ഒരുക്കുന്നു
അനാഥർക്കായി ഖത്തർ ചാരിറ്റി തുർക്കിയിൽ പണിയുന്ന ഓർഫൻ സിറ്റിയിൽ ഒരുക്കുക അത്യാധുനിക സംവിധാനങ്ങൾ. 2000 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനാഥക്കുഞ്ഞുങ്ങൾക്ക് മികച്ച വിദ്യാഭ്യാസം, താമസം, ജീവിതം എന്നിവ ഉറപ്പാക്കുകയാണ് ഓർഫൻ സിറ്റിയുടെ ലക്ഷ്യം. തുർക്കിയിലെ ഇസ്താംബൂളിലാണ് ഖത്തർ ചാരിറ്റി നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. 2000 കുട്ടികൾക്ക് പഠനവും താമസവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും. 1200 കുട്ടികൾക്ക് ഇവിടെ താമസമൊരുക്കും, 800 കുട്ടികൾക്ക് അവരുടെ നാടുകളിൽ തന്നെ ഓർഫൻ സിറ്റിയുടെ കരുതലെത്തും.
88,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പദ്ധതി പ്രദേശത്ത് സ്‌കൂൾ, താമസ സൗകര്യം, ഭക്ഷണ ഹാൾ, വർക്ഷോപ്പ് ട്രെയിനിങ് ബിൽഡിങ്, ഇൻഡോർ-ഔട്‌ഡോർ കളിസ്ഥലങ്ങൾ, സ്വിമ്മിങ് പൂൾ, പള്ളി, പൂന്തോട്ടം, പാർക്ക്, അതിഥി മന്ദിരം ഉൾപ്പെടെ വിശാലമായ സൗകര്യങ്ങൾ ഒരുക്കും. ദൗത്യത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് ഖത്തർ ചാരിറ്റി വെബ്‌സൈറ്റ് വഴി സംഭാവന നൽകാവുന്നതാണ്. ഇതിനായി നാളെ 27ആം രാവ് ചലഞ്ചെന്ന പേരിൽ പ്രത്യേക ഫണ്ട് സമാഹരണവും നടക്കും. അഞ്ച് കോടി റിയാൽ, അഥവാ 110 കോടിയിലേറെ രൂപയാണ് ഓർഫൻ സിറ്റിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്