ഖത്തറിൽ അനുമതി ഇല്ലാത്ത സ്ഥലത്ത് പുകവലിച്ചാൽ 1000 മുതൽ 3000 റിയാൽ വരെ പിഴ
അനുമതിയില്ലാത്ത സ്ഥലത്ത് പുകവലിച്ചാൽ 1000 മുതൽ 3000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. മെട്രോ ട്രെയിൻ, മെട്രോ സ്റ്റേഷനുകൾ, ബസുകൾ തുടങ്ങി എല്ലാ പൊതു ഗതാഗത സംവിധാനങ്ങളിലും പുകവലി നിരോധിച്ചിട്ടുണ്ടെന്ന് സമൂഹ മാധ്യമം വഴി അധികൃതർ ഓർമിപ്പിച്ചു. പുകയില ഉൽപന്നങ്ങളുടെ നിർമാണം ഇല്ലാത്ത ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഖത്തർ. അടച്ചിട്ട സ്ഥലങ്ങളിൽ പുക വലിക്കുന്നതും പുകയില ഉൽപന്നങ്ങൾ 18 വയസ്സിന് താഴെയുള്ളവർക്ക് വിൽക്കുന്നതും തടയാൻ കർശനമായ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. സ്കൂളുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ നിന്നും ഒരു കിലോമീറ്ററിൽ പരിധിക്കുള്ളിൽ ഇത്തരം ഉൽപന്നങ്ങൾ വിൽക്കാൻ പാടില്ല. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഹമദ് മെഡിക്കൽ കോർപറേഷനിൽ പ്രവർത്തിക്കുന്ന പുകവലി വിമുക്തി കേന്ദ്രം വഴി നിരവധി പേരെ ഈ ദുശ്ശീലത്തിൽനിന്ന് മോചിപ്പിക്കാനും ഖത്തർ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്.