67 ആം വയസ്സിൽ ലോകകപ്പ് കണ്ട് മുൻ എഫ്സി കൊച്ചിൻ ടീം കിറ്റ്മാൻ
ദോഹ∙: ലോകകപ്പ് കാണാനായ ചാരിതാർഥ്യത്തിൽ എഫ്സി കൊച്ചിൻ ടീമിലെ കിറ്റ്മാൻ ആയിരുന്ന അബ്ദുൽ റഹ്‌മാൻ. അൽ തുമാമ സ്റ്റേഡിയത്തിൽ മൊറോക്കോയും ബെൽജിയവും തമ്മിൽ നടന്ന മത്സരം ആസ്വദിച്ച ശേഷമാണ് ഈ കണ്ണൂർക്കാരൻ നാട്ടിലേക്ക് മടങ്ങുന്നത്. 67- ആം വയസിൽ ലോകകപ്പ് കാണാനുള്ള ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷവും അബ്ദുൽ റഹ്‌മാനുണ്ട്. മുൻ ഗോൾകീപ്പർ കൂടിയായ റഹ്‌മാന്റെ കയ്യിൽ എവിടെ പോയാലും ഒരു ഫുട്ബോൾ ഉണ്ടാകും. ഖത്തറിലെത്തിയപ്പോഴും അതങ്ങനെതന്നെ. 67 -ആം വയസിലും അബ്ദുൽ റഹ്മാൻ കൈവിടാതെ പിടിച്ച ഫുട്‌ബോൾ പ്രേമം കണ്ട് കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ രക്ഷാധികാരി ശ്രീകുമാർ കോർമത്തും ദോഹയിലെ യാത്രാ ഏജൻസിയായ ഗോ മുസാഫിറിന്റെ ജനറൽ മാനേജർ ഫിറോസ് നാട്ടുവും ചേർന്ന് ലോകകപ്പ് നേരിട്ട് കാണാൻ അവസരമൊരുക്കുകയായിരുന്നു.
നെയ്മാറിന്റെ പരുക്ക് പ്രശ്നമല്ല , ഇഷ്ട ടീമായ ബ്രസീൽ തന്നെ കപ്പടിക്കുമെന്ന ഉറപ്പിലാണ് ഞാൻ മടങ്ങുന്നത് എന്നാണ് കളി കണ്ട് മടങ്ങുമ്പോഴും അബ്ദുൽ റഹ്‌മാൻ പറയുന്നത്. പയ്യന്നൂരിൽ പഴയ സാധനങ്ങൾ വിറ്റ് ഉപജീവനം നടത്തുമ്പോഴും ഫുട്ബോൾ തന്നെയാണ് ഇദ്ദേഹത്തിന്റെ ചങ്കിടിപ്പ്. എഫ്സി കൊച്ചിൻ ടീമിലെ കിറ്റ്മാൻ ആയിരുന്ന അബ്ദുൽ റഹ്‌മാൻ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളായ ഐ.എം.വിജയൻ, വി.പി.സത്യൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.