ലോകകപ്പ് ; ദിവസേന നൂറിലധികം വിമാനസർവീസുകൾ,6800 ലധികം യാത്രികർ
ദുബായ്∙: ലോക കപ്പ് പ്രമാണിച്ച് ദുബായ് ദോഹ വിമാത്താവളങ്ങൾക്കിടയിൽ ദിവസേന യാത്ര ചെയ്യുന്നത് 6800 ലധികം ആളുകൾ. ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നു ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സാധാരണ ഫ്ലൈറ്റ് സർവീസുകൾക്കു പുറമേ സ്പെഷൽ, മാച്ച് ഡേ ഷട്ടിൽ സർവീസുകൾ അടക്കം ദുബായിൽ നിന്നു ദിവസേന നൂറിലധികം വിമാനങ്ങളാണ് ദോഹയിലേക്കു പറക്കുന്നത്. ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് ഫുട്‌ബോൾ ആരാധക യാത്രികരുടെ എണ്ണം പുറത്തു വിട്ടത്. ലോകകപ്പിനോടനുബന്ധിച്ച് യാത്രികരുടെ എണ്ണത്തിലെ വർദ്ധനവ് കണക്കാക്കി നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിവിധ ഡിപ്പാർട്ട്മെന്റുകളുമായി കൈകോർത്തു ഫുട്ബോൾ പ്രേമികൾക്കു പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫുട്ബോൾ കാണികൾക്കു മൾട്ടിപ്ൾ എൻട്രി വീസ സംവിധാനം ദുബായിൽ നിലവിലുണ്ട്. ജോർഡൻ സ്വദേശി മുഹമ്മദ് ജലാലിന്റെ പേരിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ വീസ അനുവദിച്ചത്. ദുബായ് വഴി രാജ്യത്തേക്കുള്ള ആരാധകരുടെ പ്രവേശനവും മടക്കവും വേഗത്തിലാക്കാൻ മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അതിവേഗം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ തന്നെ വിമാനത്താവളത്തിൽ നിയോഗിച്ചിട്ടുണ്ടെന്ന് അൽ മർറി വ്യക്തമാക്കി. 90 ദിവസത്തേക്കാണ് മൾട്ടിപ്ൾ എൻട്രി വീസ അനുവദിക്കുന്നത്. ഫുട്ബോൾ പ്രേമികൾക്കും ദുബായിലെ പുതുവത്സരാഘോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ആകർഷകമായ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് നൽകുന്നതിന് ഒരുക്കം പൂർത്തിയായതായി ലഫ്. ജനറൽ അറിയിച്ചു