ഖത്തർ ലോകകപ്പിലെ ആദ്യ വിജയം ഇക്വഡോറിന്
ഖത്തർ ലോകകപ്പിലെ ആദ്യ വിജയം ഇക്വഡോറിന്. ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഇക്വഡോറിന്റെ വിജയം. എന്നേർ വലൻസിയയാണ് ഇക്വഡോറിനായി രണ്ടു തവണയും ഖത്തർ വല കുലുക്കിയത്.
മുൻ ലോകകപ്പുകളിൽ കളിച്ചതിന്റെ പരിചയ സമ്പത്ത് കൊണ്ട് ഖത്തറിനെതിരെ പോരാട്ടത്തിനെത്തിയ ഇക്വഡോർ മികച്ച മുന്നേറ്റങ്ങളാണ് അൽ ബൈത്തിൽ കാഴ്ച വെച്ചത്. ആദ്യ ലോകകപ്പിനിറങിയത്തിന്റെ ആത്മാവിശ്വാസകുറവും പരിചയ സമ്പന്നരുടെ അഭാവവും കൊണ്ട് വിഷമിച്ച ഖത്തറിനെ ഇക്വഡോർ നിരവധി തവണ പരീക്ഷിച്ചു. ക്യാപ്റ്റൻ എന്നർ വലൻസിയയുടെ ചുമലിലേറിയായിരുന്നു ഇക്വഡോറിന്റെ ഒരോ മുന്നേറ്റവും. ആദ്യ നിമിഷങ്ങളിൽ നിർഭാഗ്യം വില്ലനായി എത്തിയെങ്കിലും പിന്നീടങ്ങോട് ഇക്വഡോർ ഖത്തർ ഗോൾ മുഖം നിരന്തരം വിറപ്പിച്ചു കൊണ്ടിരുന്നു. 15 ആം മിനുറ്റിൽ ഖത്തർ ഗോൾകീപ്പർ അൽ ഷീബിന്റെ നടത്തിയ ഫൗളിൽ നിന്ന് ലഭിച്ച പെനാൽറ്റി വലൻസിയയിലൂടെ വലയിൽ എത്തിച്ചായിരുന്നു ഇക്വഡോറിന്റെ ആദ്യ ഗോൾ.
സ്വന്തം കാണികൾക്ക് മുന്നിൽ ഗോൾ വഴങ്ങിയ സമ്മർദത്തിൽ അകപ്പെട്ട ഖത്തറിന്, തിരിച്ചു വരവിന് തയ്യാറെടുക്കും മുമ്പ് വീണ്ടും തിരിച്ചടി. ഇത്തവണ ഖത്തർ ബോക്സിലേക്ക് ഉയർന്നെത്തിയ പന്ത് എന്നേർ വലൻസിയ തല കൊണ്ട് വലയിലേക്ക് വഴി തിരിച്ചു വിട്ടു.
തുടർന്ന് ഇക്വഡോറിന്റെ പ്രതിരോധ നിരയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ആതിഥേയർക്ക് അൽ ബെയ്ത്തിലെ ഫലം നിരാശയായി. നവംബർ 25 ന് നടക്കുന്ന അടുത്ത മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലാണ് ഖത്തറിന്റെ എതിരാളികൾ. ഇക്വഡോറിന് ഹോളണ്ടും.