ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ സ്റ്റോർ തുറന്ന് ഫിഫ
ദോഹ : ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഫിഫയുടെ ആദ്യ സ്റ്റോർ തുറന്നു. പുതുതായി വിപുലീകരിച്ച നോർത്ത് പ്ലാസയിലെ ദ ഓർക്കഡിലാണ് ഫിഫ സ്റ്റോർ.ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കറും വിമാനത്താവളം ഓപ്പറേറ്റിങ് ഓഫിസർ എൻജി. ബദർ മുഹമ്മദ് അൽമീറും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ലോകകപ്പിന്റെ ഒറിജിനൽ ട്രോഫിയും യാത്രക്കാർക്കായി പ്രദർശിപ്പിച്ചു. ജഴ്‌സികൾ, തൊപ്പികൾ, ജാക്കറ്റുകൾ, ഫുട്‌ബോളുകൾ, കായിക അനുബന്ധ സാമഗ്രികൾ, ലോകകപ്പ് ഔദ്യോഗിക ഉൽപന്നങ്ങൾ, സുവനീർ കറൻസികൾ, അറബിക് കോഫിയായ ഖഹ്വ കുടിക്കുന്നതിനുള്ള കപ്പുകളുടെ സെറ്റ്, മൾട്ടി-ചാർജിങ് കേബിൾ, മാച്ച് ടിക്കറ്റ് ഫ്രെയിം, ലഈബ് സുവനീറുകൾ എന്നിവയാണ് ഇവിടെയുള്ളത്.
ഫിഫ റിവൈൻഡ് ഏരിയയിൽ മെക്‌സിക്കോ 70, ഫ്രാൻസ് 98, സൗത്ത് ആഫ്രിക്ക 10, ഉറുഗ്വെ30 എന്നിവയുൾപ്പെടെ വിഖ്യാത ഫിഫ ലോകകപ്പിലെ ക്ലാസിക് വസ്ത്രങ്ങളുമുണ്ട്. ടി-ഷർട്ടുകൾ, ജാക്കറ്റുകൾ, ഹൂഡിൽസ് എന്നിവ വാങ്ങാം.ലോകകപ്പിൽ സെമി ഫൈനലിലും ഫൈനലിലും ഉപയോഗിക്കുന്ന അൽ ഹിൽമ് പന്തും ക്വാർട്ടർ ഫൈനൽ വരെ ഉപയോഗിച്ച അൽ രിഹ്‌ല പന്തും വാങ്ങാം.