ഹയാ കാർഡും നേട്ടങ്ങളും
ദോഹ : ഹയാ കാർഡ് കൈവശമുള്ള ലോകകപ്പ് സന്ദർശകർക്ക് നിരവധി നേട്ടങ്ങളാണ് ഖത്തർ ഒരുക്കിയിട്ടുള്ളത്. വിദേശീയർക്ക് ഖത്തറിലേക്കുള്ള പ്രവേശന വീസയാണ് ഹയാ കാർഡുകൾ. മത്സരം കാണാൻ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാൻ സ്വദേശികൾക്കുൾപ്പെടെ ഫാൻ ഐഡി അഥവാ ഹയാ കാർഡുകൾ നിർബന്ധമാണ്. ഹയാ കാർഡുകളുടെ ഡിജിറ്റൽ പതിപ്പാണ് കൈവശം വേണ്ടത്. ഹയാ ആപ്പിലൂടെ ഡിജിറ്റൽ കാർഡ് ലഭിക്കും. എല്ലായിടങ്ങളിലും പ്രവേശനത്തിന് ഡിജിറ്റൽ കാർഡ് മതി. ഹയാ ആപ്പിലൂടെ മത്സര ഷെഡ്യൂളുകൾ, ഗതാഗത വിവരങ്ങൾ, ലോകകപ്പുമായി ബന്ധപ്പെട്ട ഇവന്റുകൾ എന്നിവയെല്ലാം അറിയാനാകും
* പൊതുഗതാഗത സൗകര്യങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം.
*2023 ജനുവരി 23 വരെ ഹയാ കാർഡ് ഉടമകൾക്ക് രാജ്യത്ത് താമസിക്കാം എന്നത് മറ്റൊരു പ്രത്യേകതയാണ്.
*സർക്കാർ ആശുപത്രികളിൽ എമർജൻസി, അർജന്റ് കെയർ സേവനങ്ങൾ സൗജന്യമാണ്.
*ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി ഉൾപ്പെടെയുള്ള ലോകകപ്പ് ഫാൻ സോണുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം സൗജന്യമാണ്.
* കർവ ബസുകൾ, മെട്രോ, ട്രാം തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങൾ എന്നിവിടങ്ങളിലും ഹയാ കാർഡ് ഉടമകൾക്ക് യാത്ര സൗജന്യമാണ്.
* ലോകകപ്പിനിടെയുള്ള താമസം ബുക്ക് ചെയ്യാൻ ഹയാ കാർഡിലൂടെ സാധ്യമാണ്.
* ഖത്തർ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് എന്നിവ ഒഴികെയുള്ള ഖത്തർ മ്യൂസിയത്തിന്റെ കീഴിലെ എല്ലാ മ്യൂസിയങ്ങളിലും ഹയാ കാർഡ് ഉടമകൾക്ക് പ്രവേശനമുണ്ട്.
* ഹയാ കാർഡ് ഉടമകൾക്ക് ജോർദാൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സൗജന്യമായ പ്രവേശനവും ലഭ്യമാണ്. ലോകകപ്പിനിടെ ഈ രാജ്യങ്ങളിൽ നിന്ന് ദിവസേന ദോഹയിലേക്ക് ഷട്ടിൽ വിമാന സർവീസും ഉണ്ട്.
* വിദേശത്തു നിന്നെത്തുന്ന ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിലേക്ക് വരുമ്പോൾ 3 പേരെ കൂടി ഒപ്പം കൂട്ടാൻ അനുവദിക്കുന്ന ഹയാ വിത്ത് മി (1 +3) പദ്ധതിയിലൂടെ മത്സര ടിക്കറ്റില്ലാത്ത നിരവധി പേർക്ക് പ്രവേശിക്കാൻ കഴിയുന്നുണ്ടെന്നതും വലിയ നേട്ടമാണ്.